എയര്‍ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം; യാത്രയ്ക്കിടെ താന്‍ ഉറങ്ങിയെന്നും ഉറക്കത്തിനുള്ള മരുന്ന് കഴിച്ചിരുന്നതായും പൈലറ്റിന്റ മൊഴി

 

ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ആകാശത്ത് വച്ച് അപ്രതീക്ഷിതമായി 300 അടിയോളം താഴേക്ക് പതിച്ച സംഭവത്തിൽ എയർ ഇന്ത്യക്കെതിരെ നടപടിക്ക് സാധ്യത. സംഭവത്തിലെ വീഴ്ചകൾക്ക് എയർ ഇന്ത്യ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

വിമാനത്തിലുണ്ടായിരുന്ന സാങ്കേതിക തകരാറുകൾക്കൊപ്പം പൈലറ്റിന്റെ നടപടികളും അന്വേഷണ പരിധിയിലാണ്. യാത്രയ്ക്കിടെ താൻ ഉറങ്ങിപ്പോയെന്നും ഉറക്കത്തിനായി മരുന്ന് കഴിച്ചിരുന്നുവെന്നും ക്യാപ്റ്റൻ മൊഴി നൽകിയതായാണ് വിവരം. ഏകദേശം അരമണിക്കൂറോളം ഉറങ്ങിയെന്നും ശുചിമുറിയിൽനിന്ന് മടങ്ങിയെത്തിയ ശേഷം സഹപൈലറ്റിന് പിന്നിൽ നിൽക്കുന്നതിനിടെയാണ് വിമാനം താഴേക്ക് പതിച്ചതെന്നും ക്യാപ്റ്റൻ മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്.

ലാൻഡിങ്ങിന് ശേഷം നടത്തിയ ലഹരി പരിശോധനയിൽ ക്യാപ്റ്റൻ പരാജയപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിച്ച മരുന്നാണ് പരിശോധനയിൽ ലഹരിയായി കണ്ടെത്തിയതെന്നാണ് ക്യാപ്റ്റന്റെ വിശദീകരണം. സംഭവത്തിൽ കൂടുതൽ പരിശോധനകൾ തുടരുകയാണ്.

വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങളിലും ഓട്ടോപൈലറ്റ് സംവിധാനത്തിലും പ്രശ്‌നങ്ങൾ കണ്ടെത്തിയതായും വിവരമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് എയർ ഇന്ത്യ വിമാനവുമായി ബന്ധപ്പെട്ട പുതിയ സംഭവം. വീഴ്ച ആരുടേതായാലും കർശന നടപടി വേണമെന്നും ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞി മാറാൻ സാധിക്കില്ലനും എയർ ഇന്ത്യയോട് വ്യോമയാന സെക്രട്ടറി പറഞ്ഞു. ലഹരി പരിശോധനാ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാൻ ഡിജിസിഎയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.