രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം: ആഭ്യന്തര സമിതി വേണം; കോൺഗ്രസ് അധ്യക്ഷന് കത്തയച്ച് NWMI
ലൈംഗികാരോപണത്തെത്തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ ഇന്ത്യ (NWMI). കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിലാണ് സംഘടന ഈ ആവശ്യം ഉന്നയിച്ചത്. പോഷ് (POSH) നിയമപ്രകാരം മുതിർന്ന വനിതാ നേതാക്കളെയും നിയമവിദഗ്ധരെയും ഉൾപ്പെടുത്തി ആഭ്യന്തര സമിതി രൂപീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തക ഉൾപ്പെടെയുള്ളവർക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആസൂത്രിതമായ സൈബർ ആക്രമണങ്ങളെ കോൺഗ്രസ് ഗൗരവമായി കാണണം. സ്ത്രീകൾക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് പാർട്ടി പരസ്യമായി പ്രഖ്യാപിക്കണമെന്നും, പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് അണികളെ കർശനമായി വിലക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
2025 ആഗസ്റ്റിൽ ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി സസ്‌പെൻഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ കുറ്റാരോപിതന് യാതൊരുവിധത്തിലുള്ള രാഷ്ട്രീയമോ നിയമപരമോ ആയ സംരക്ഷണം നൽകുന്നില്ലെന്ന് പാർട്ടി ഉറപ്പാക്കണമെന്നും എൻഡബ്ല്യുഎംഐ ആവശ്യപ്പെട്ടു. ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിൽ പാർട്ടിക്ക് സംഘടനാപരമായ ഉത്തരവാദിത്തമുണ്ടെന്നും കത്തിൽ ഓർമ്മിപ്പിക്കുന്നു.