ആകാശത്ത് നാളെ വിസ്മയക്കാഴ്ച; ഈ വർഷത്തെ ഏറ്റവും വലിയ 'സൂപ്പർമൂൺ' ചൊവ്വാഴ്ച ദൃശ്യമാകും

 

ഈ വർഷത്തെ ഏറ്റവും വലിയ 'സൂപ്പർമൂൺ' നാളെ (നവംബർ 24 ചൊവ്വാഴ്ച) ആകാശത്ത് ദൃശ്യമാകും. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം നിരവധി ആകാശവിസ്മയങ്ങൾ നിറഞ്ഞ മാസമാണിത്; നവംബർ 17, 18 തീയതികളിലെ ലിയോണിഡ് ഉൽക്കാവർഷത്തിനും ടോറിഡ് ഉൽക്കാവർഷത്തിനും പിന്നാലെ എത്തുന്ന ഈ സൂപ്പർമൂൺ നാളെ രാത്രി 8:23-ഓടെ പൂർണ്ണരൂപത്തിൽ ദൃശ്യമാകും. ഭൂമിയെ ചുറ്റുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ബിന്ദുവായ 'പെരിജി'യിൽ പൂർണ്ണചന്ദ്രൻ എത്തുമ്പോഴാണ് സൂപ്പർമൂൺ പ്രതിഭാസമുണ്ടാകുന്നത്.

ചന്ദ്രന്റെ ഭ്രമണപഥം പൂർണ്ണവൃത്തമല്ലാത്തതിനാൽ ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ വ്യത്യാസങ്ങൾ വരാറുണ്ട്. നാളെ ദൃശ്യമാകുന്ന സൂപ്പർമൂൺ ഭൂമിയിൽ നിന്ന് ഏകദേശം 3,57,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും; ഇത് സാധാരണ ഒരു പൂർണ്ണചന്ദ്രനേക്കാൾ ഏകദേശം 17,000 മൈൽ അടുത്താണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. പെരിജിക്ക് അടുത്തെത്തുന്നതോടെ സാധാരണ കാണുന്നതിനേക്കാൾ 14 ശതമാനം വലുപ്പത്തിലും 30 ശതമാനം അധികം തിളക്കത്തിലുമായിരിക്കും ചന്ദ്രൻ ദൃശ്യമാകുക.

നവംബറിൽ ദൃശ്യമാകുന്ന ഈ പൂർണ്ണചന്ദ്രൻ 'ബീവർ മൂൺ' (Beaver Moon) എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വടക്കേ അമേരിക്കയിലെ പരമ്പരാഗതമായ കാലിക നിരീക്ഷണങ്ങളിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം; കൊടും ശൈത്യകാലത്തെ നേരിടാനായി കൂടുകൾ നിർമ്മിക്കുകയും ഭക്ഷണം ശേഖരിക്കുകയും ചെയ്യുന്ന 'ബീവർ' എന്ന ജീവികളുമായി നവംബർ മാസത്തെ പണ്ടുകാലം മുതലേ ബന്ധപ്പെടുത്തിയിരുന്നു. കൂടാതെ, ശൈത്യകാലത്ത് രോമക്കുപ്പായങ്ങൾ നിർമ്മിക്കുന്നതിനായി ബീവറുകളെ വേട്ടയാടിയിരുന്ന കാലം കൂടിയായിരുന്നതിനാൽ പരമ്പരാഗത ചാന്ദ്ര കലണ്ടറുകളിൽ നവംബറിലെ പൗർണ്ണമിക്ക് ഈ പേര് നൽകുകയും ഇന്നും അത് തുടർന്നുവരികയും ചെയ്യുന്നു.