‘അമിത് ഷാ കാറിലിരുന്ന് വിറയ്ക്കുകയായിരുന്നു’; രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സഭാരേഖയിൽ നിന്ന് നീക്കി

 

ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ആർ.എസ്.എസിനുമെതിരെ നടത്തിയ വിവാദ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്തു. സ്പീക്കറുടെ നിർദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്.

അമിത് ഷാ 30 കാറുകളുള്ള വാഹനവ്യൂഹത്തിലാണ് സഭയിലേക്ക് വന്നതെന്നും അതിനുള്ളിലിരുന്ന് വിറയ്ക്കുകയായിരുന്നുവെന്നുമുള്ള പരാമർശങ്ങളാണ് പ്രധാനമായും നീക്കിയത്. വിദ്യാർഥികൾക്ക് നേരെ വെടിവെക്കാൻ ആഭ്യന്തര മന്ത്രി അനുമതി നൽകിയെന്ന ആരോപണവും ആർ.എസ്.എസിനെ പരോക്ഷമായി ഉദ്ദേശിച്ച് നടത്തിയ 'ഇഡിയറ്റ്' എന്ന പരാമർശവും സഭാരേഖകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പാർലമെന്ററി കാര്യമന്ത്രിയുമാണ് രാഹുലിന്റെ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം, യുവാക്കളുടെ ഭാവി വച്ച് കളിക്കുന്നവരെ വെറുതെ വിടില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.