നെയ്യാർഡാമിൽ നിന്നു കാണാതായ വയോധികയെ തിരുനെൽവേലിയിൽ മരിച്ച നിലയിൽ കണ്ടെത്തി; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതായി സംശയം

 

നെയ്യാർഡാമിൽ നിന്നു കഴിഞ്ഞ ദിവസങ്ങളിൽ കാണാതായിരുന്ന മലയാളിയായ വയോധികയെ, തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ഒരു ഒഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. പീഡനത്തിനിരയായ ശേഷം കൊലപ്പെടുത്തിയതായി സംശയിക്കുന്നു. സംഭവത്തിൽ തിരുനെൽവേലി സ്വദേശി വിപിൻ രാജ് എന്നയാളെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥിരമായി പള്ളികൾ സന്ദർശിക്കാറുള്ള വയോധിക എങ്ങനെ തമിഴ്‌നാട്ടിൽ എത്തിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തിരുനെൽവേലിയിൽ വച്ച് സഹായം നടിച്ച് പ്രതി ബൈക്കിൽ കയറ്റിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

വയോധികയെ കാണാതായതിനു പിന്നാലെ കുടുംബം നെയ്യാർ ഡാം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. വർക്കല ഭാഗത്ത് വയോധികയെ അവസാനമായി കണ്ടുവെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. പിന്നീട്, മൃതദേഹം തിരുനെൽവേലിയിൽ കണ്ടെത്തിയെന്ന് തമിഴ്‌നാട് പൊലീസാണ് കേരള പൊലീസിനെ അറിയിച്ചത്.