ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു; ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു. അപകടത്തിൽ ആറ് തൊഴിലാളികൾ ദാരുണമായി മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ മൂന്ന് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
ഹാമിർപൂരിലെ ബെത്വ നദിക്ക് കുറുകെ മൊറകന്ദറിൽ നിന്ന് കാന്തൗർ ഗ്രാമത്തിലേക്ക് നിർമ്മിക്കുന്ന പാലത്തിന്റെ വലിയൊരു കോൺക്രീറ്റ് സ്ലാബാണ് തകർന്നുവീണത്. അപകടം നടക്കുന്ന സമയത്ത് തൊഴിലാളികൾ പാലത്തിന്റെ ഒരു ഭാഗത്ത് ഉറങ്ങുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ കനത്ത മഴയ്ക്കൊപ്പം പെട്ടെന്നുണ്ടായ ദുരന്തമായതിനാൽ ഇവർക്ക് ഓടി രക്ഷപ്പെടാൻ ഒട്ടും സമയം ലഭിച്ചില്ല. കനത്ത കാറ്റിലും മഴയിലും പാലത്തിന്റെ വലിയൊരു ഭാഗം തകർന്നതോടെ, ഇതിന്റെ നിർമ്മാണ നിലവാരത്തെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചകളെക്കുറിച്ചും വലിയ ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
വിവരമറിഞ്ഞ് സംസ്ഥാന ദുരന്തനിവാരണ സേനയും (SDRF) പൊലീസും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ മരിച്ച ആറ് പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യുപിയിലെ ബന്ദ ജില്ലയിലെ ചില്ല ഗ്രാമത്തിൽ നിന്നുള്ള 19 വയസുകാരനായ കുൽദീപ് നിഷാദാണ് മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. ചില്ല സ്വദേശിയായ ലോകേന്ദ്ര (22), ഭുരഗഢ് സ്വദേശികളായ സാവന്ത് യാദവ് (28), സഭാജിത് (30), സ്വാസ ഖുർദ് സ്വദേശി പുഷ്പേന്ദ്ര സിംഗ് ചൗഹാൻ (34), അച്പുര സ്വദേശി രാജേഷ് പാൽ (42) എന്നിവരാണ് മരിച്ച മറ്റ് തൊഴിലാളികൾ. പാലത്തിന്റെ തകർന്ന തൂണുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന അവധേഷ് നിഷാദ്, കല്ലു യാദവ്, രാജേഷ് നിഷാദ് എന്നിവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്ന് ജില്ലാ പൊലീസ് അധികൃതർ അറിയിച്ചു.