അനിൽ അംബാനിക്ക് വീണ്ടും തിരിച്ചടി; 3,034 കോടി രൂപയുടെ സ്വത്തുക്കൾ കൂടി ഇഡി കണ്ടുകെട്ടി

 

റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കടുത്ത നടപടി. അനിൽ അംബാനിയുടെ മുംബൈയിലെ ആഡംബര ഫ്‌ളാറ്റ് ഉൾപ്പെടെ 3,034 കോടി രൂപയുടെ സ്വത്തുക്കളാണ് ചൊവ്വാഴ്ച ഇഡി കണ്ടുകെട്ടിയത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ടുകെട്ടിയ ആകെ സ്വത്തിന്റെ മൂല്യം 19,344 കോടി രൂപയായി ഉയർന്നു.

മുംബൈയിലെ ഉഷാ കിരൺ ബിൽഡിങ്ങിലുള്ള ഫ്‌ളാറ്റ്, മകൻ ജയ് അൻഷുൽ അംബാനിയുടെയും ലൂണ ട്രസ്റ്റിന്റെയും പേരിലുള്ള ഖണ്ഡാലയിലെ ഫാം ഹൗസ് എന്നിവയാണ് കണ്ടുകെട്ടിയ പ്രധാന സ്വത്തുക്കൾ. കൂടാതെ, മുദ്ര ഫൗണ്ടേഷന്റെ (MICA) പേരിലുള്ള ഭൂമിയും അനിൽ അംബാനിയുടെ കുടുംബ ട്രസ്റ്റിന് കീഴിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ 7.71 കോടി രൂപയുടെ ഓഹരികളും ഇഡി നടപടിക്ക് വിധേയമായിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് (PMLA) ഇഡിയുടെ ഈ നീക്കം.

അതേസമയം, കണ്ടുകെട്ടിയ വസ്‌തുവകകളിൽ ചിലത് കുടുംബസ്വത്താണെന്നും അനിൽ അംബാനിയുടെ അമ്മ കോകിലാ ബെൻ അംബാനിയുടേതാണെന്നുമാണ് റിലയൻസ് ഗ്രൂപ്പ് വക്താവിന്റെ വിശദീകരണം. ഉഷ കിരൺ ബിൽഡിങ്ങിലെ ഫ്‌ളാറ്റും ഫാംഹൗസും പാരമ്പര്യമായി ലഭിച്ചതാണെന്നും ഇഡി നടപടിക്ക് നിയമപരമായി മറുപടി നൽകുമെന്നും കമ്പനി അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പിഎൻബി ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പരാതിയിലാണ് അനിൽ അംബാനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏകദേശം 40,185 കോടി രൂപയുടെ വായ്പാ കുടിശ്ശികയാണ് റിലയൻസ് കമ്മ്യൂണിക്കേഷന് ഉള്ളതെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.