അങ്കിത ഭണ്ഡാരി കൊലക്കേസ്: സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹിയിൽ കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർ കസ്റ്റഡിയിൽ

 

ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലക്കേസിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹിയിലെ പട്യാല ഹൗസ് കോടതിക്ക് പുറത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സംഭവത്തിൽ നിരവധി പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

കേസുമായി ബന്ധപ്പെട്ട് മുൻ ബിജെപി എംഎൽഎ ഊർമിള സനവാറിനെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അങ്കിതയുടെ കുടുംബം മുതിർന്ന സിബിഐ ഉദ്യോഗസ്ഥരെ കണ്ടതിന് പിന്നാലെയായിരുന്നു നടപടി. കേസിൽ ആരോപണവിധേയനായ ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചതിനെതിരെയും പ്രതിഷേധം ശക്തമാണ്. ഗൗതമിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അങ്കിതയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഇന്ത്യാ ഗേറ്റിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് പുലർച്ചെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അതേസമയം, കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ദുഷ്യന്ത് കുമാർ ഗൗതമിന്റെ നിലപാട്.

2022 സെപ്റ്റംബർ 18നാണ് ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലെ വനാന്ത്ര റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 19കാരി അങ്കിത ഭണ്ഡാരിയെ കാണാതായത്. ദിവസങ്ങൾക്കുശേഷം ചില്ല കനാലിൽനിന്ന് മൃതദേഹം കണ്ടെത്തി. റിസോർട്ട് ഉടമ പുൽകിത് ആര്യ ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് കേസിൽ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. എന്നാൽ കേസിൽ ഒരു വിഐപിയുടെ പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണം വീണ്ടും ചർച്ചയായതോടെയാണ് അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യം ശക്തമായത്.

മുൻ ബിജെപി എംഎൽഎ സുരേഷ് റാത്തോറും നടി ഊർമിള സനവാറും ഉൾപ്പെട്ട വിവാദ ശബ്ദരേഖകളും വിഡിയോയും പുറത്തുവന്നതോടെയാണ് ആരോപണങ്ങൾ വീണ്ടും സജീവമായത്. ആരോപണവിധേയനായ വിഐപി ദുഷ്യന്ത് കുമാർ ഗൗതമാണെന്നാണ് അങ്കിതയുടെ കുടുംബം ആരോപിക്കുന്നത്. എന്നാൽ ഗൗതം ആരോപണം നിഷേധിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ആവശ്യത്തെത്തുടർന്ന് ജനുവരി ഒൻപതിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. തുടർന്ന് വിഐപിയുടെ പങ്ക് അന്വേഷിക്കുന്നതിനായി സിബിഐ തിരിച്ചറിയാത്ത വ്യക്തിക്കെതിരെ കേസെടുത്തു. അന്വേഷണത്തിൽ ആരുടെയും പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബർ 12നാണ് ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചത്.