എ.ആർ. റഹ്‌മാന്റെ മകൻ എ.ആർ. അമീന് വാഹനാപകടത്തിൽ പരുക്ക്

 

സംഗീത സംവിധായകൻ എ.ആർ. റഹ്‌മാന്റെ മകനും ഗായകനുമായ എ.ആർ. അമീന് വാഹനാപകടത്തിൽ പരുക്ക്.ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്ലൈഓവറിനു സമീപം അമീൻ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് സുഹൃത്തിനൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

സർവീസ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച കാർ അമീൻ സഞ്ചരിച്ചിരുന്ന പോർഷെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അപകടത്തിനു തൊട്ടുപിന്നാലെ അമീനെയും സുഹൃത്തിനെയും ചികിത്സയ്ക്കായി കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഇരുവരെയും ഡിസ്‌ചാർജ് ചെയ്യുകയും അവർ വീട്ടിലേക്ക് മടങ്ങുകയും ചെയ്‌തു. അമീന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.അപകടത്തിൽ ഉൾപ്പെട്ട രണ്ട് വാഹനങ്ങളും അടയാർ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിങ് പൊലീസ് കസ്റ്റഡിയിലെടുത്തു.