ടൈഗർ ഷ്റോഫിന് നേരെയുള്ള വധശ്രമം; പ്രതികൾ രാജസ്ഥാനിൽ നിന്നും പിടിയിൽ
ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പ്രതികളെയും പൊലീസ് പിടികൂടി. രാജസ്ഥാനിലെ കോട്ടയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. മുംബൈ, രാജസ്ഥാൻ പൊലീസ് നടത്തിയ സംയുക്ത നീക്കത്തിലാണ് നടപടി. പൂനെ-ജയ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
റിതിക് കുമാർ എന്ന റോഷൻ (22), റൈഹാൻ അൻസാരി (18), ഫുൽ സിംഗ് (17) എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന് പിന്നാലെ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
അതേസമയം, ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ടൈഗർ ഷ്റോഫിന്റെ ചിത്രങ്ങളും പുറത്തുവന്നു. നെഞ്ചിലും തോളിലും ഡ്രസിങ്ങും വലതുകൈയിൽ ബാൻഡേജുമായി വീട്ടിലിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. വെടിവെപ്പിനിടെ കാറിന്റെ ചില്ലുകൾ ശരീരത്തിൽ തറച്ചുകയറിയാണ് താരത്തിന് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്.
സംഭവമറിഞ്ഞതിന് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ടൈഗർ ഷ്റോഫിന്റെ വസതിയിലെത്തി സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുംബൈയിൽ ഗുണ്ടാസംഘങ്ങളുടെ അക്രമം അനുവദിക്കില്ലെന്നും നഗരത്തിന്റെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഷിൻഡെ മുന്നറിയിപ്പ് നൽകി.
അക്രമികൾ അഞ്ചുതവണ വെടിയുതിർത്തതായും ഡ്രൈവർക്ക് പരിക്കേറ്റതായും നടൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ഷിൻഡെ പറഞ്ഞു.. ആക്രമണത്തിന് പിന്നിലെ കാരണവും ഗൂഢാലോചനയുമടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്.