വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം; തമിഴ്നാട്ടിൽ 3 പേർ അറസ്റ്റിൽ; സെന്തിൽ ബാലാജിക്കും ഡിഎംകെയ്ക്കും കുരുക്ക്
തമിഴ്നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി. തിരുനാവക്കരസ്, ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് വിശ്വസ്തർ എന്നിവരാണ് പിടിയിലായത്. കൃഷ്ണഗിരിയിലെ ടിവികെ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ട്രിപ്ലിക്കേൻ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഈ അസാധാരണ നടപടി.
ടിവികെ എംഎൽഎമാരെ പാർട്ടിയിൽ നിന്ന് രാജിവെപ്പിക്കുന്നതിനായി 35 കോടി രൂപ കോഴ വാഗ്ദാനം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ആകെയുള്ള തമിഴക വെട്രി കഴകം എംഎൽഎമാരിൽ 15 പേരെ ലക്ഷ്യമിട്ടായിരുന്നു അട്ടിമറി നീക്കം. ഇതിൽ 12 എംഎൽഎമാരെ പ്രതികൾ പലപ്പോഴായി ബന്ധപ്പെട്ടിരുന്നുവെന്നാണ് പോലീസ് സൂചന. നിലവിൽ കൃഷ്ണഗിരിയിലെ എംഎൽഎ മാത്രമാണ് വിവരം നേതൃത്വത്തെ അറിയിച്ചതും പരാതി നൽകിയതും. നിയമസഭയിൽ സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനും പ്രതികൾ നീക്കം നടത്തിയിരുന്നു.
അട്ടിമറി നീക്കത്തിന് പിന്നിൽ ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയും സഹോദരൻ അശോക് കുമാറുമാണെന്ന് പോലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ പുകിലിന് കാരണമായിട്ടുണ്ട്. ഭരണകക്ഷിയായ ടിവികെയെ തകർക്കാൻ പ്രതിപക്ഷം കോടികൾ ഒഴുക്കി എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം ഡിഎംകെയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് ചെന്നൈ പോലീസ് അറിയിച്ചു.