ഔറംഗബാദിനെ ഔദ്യോഗികമായി 'ഛത്രപതി സംബാജി നഗർ' എന്ന് പുനർനാമകരണം ചെയ്തു; ഉസ്മാനാബാദ് ഇനി 'ധാരാശിവ്'

 
മഹാരാഷ്ട്രയിലെ ചരിത്രപ്രാധാന്യമുള്ള നഗരങ്ങളായ ഔറംഗാബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുമാറ്റം അറിയിച്ചു കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് മഹാരാഷ്ട്ര സർക്കാർ പുറത്തിറക്കി. ഔറംഗാബാദിന്റെ പേര് ഛത്രപതി സംബാജി നഗർ എന്നും, ഉസ്മാനാബാദിന്റേത് ധാരാശിവ് എന്നുമാണ് മാറ്റിയത്. ഇതോടൊപ്പം സബ് ഡിവിഷൻ, വില്ലേജ്, താലൂക്ക്, ജില്ലാ പേരുകളും മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.
പേരുമാറ്റം സംബന്ധിച്ച് നേരത്തെ പൊതുജനാഭിപ്രായം തേടിയിരുന്നുവെന്നും, ഇതിൽനിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. ശിവസേന ആചാര്യനായിരുന്ന ബാൽതാക്കറെയാണ് ഈ രണ്ട് നഗരങ്ങളുടെയും പേരുമാറ്റണമെന്ന ആവശ്യം ആദ്യമായി ഉയർത്തിയത്. പിന്നീട് 2022 ജൂൺ 29ന് ഉദ്ദവ് താക്കറെ സർക്കാർ നഗരങ്ങളുടെ പേരുമാറ്റാനുള്ള തീരുമാനം കൈകൊണ്ടു. 
എന്നാൽ തീരുമാനം പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴേക്കും ഏക്‌നാഥ് ഷിൻഡെയുള്ള നേതൃത്വത്തിൽ ശിവസേനയിൽ പിളരുകയും ഉദ്ദവ് സർക്കാർ തകരുകയും ചെയ്തു. ഷിൻഡെ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നഗരങ്ങളുടെ പേരുമാറ്റത്തിനു മന്ത്രിസഭ അംഗീകാരവും നൽകി. പെരുമാറ്റത്തിന് ഫെബ്രുവരിയിൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരവും ലഭിച്ചിരുന്നു.