മുംബൈയിൽ ഓട്ടോ-ടാക്‌സി നിരക്ക് വർധിച്ചു; പുതിയ നിരക്ക് ഇന്ന് മുതൽ
മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ ഓട്ടോറിക്ഷ, കറുപ്പ്-മഞ്ഞ ടാക്‌സി നിരക്കുകൾ വർധിപ്പിച്ചു. ഓട്ടോറിക്ഷയ്ക്ക് ഒരു രൂപയും ടാക്‌സിക്ക് രണ്ട് രൂപയുമാണ് വർധന. പുതുക്കിയ നിരക്ക് സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
ഇതോടെ ആദ്യ ഒന്നര കിലോമീറ്ററിന് ഓട്ടോറിക്ഷയുടെ കുറഞ്ഞ നിരക്ക് 27 രൂപയും ടാക്‌സിയുടേത് 33 രൂപയുമായി. ഓട്ടോറിക്ഷയുടെ കിലോമീറ്റർ നിരക്ക് 17.14 രൂപയിൽ നിന്ന് 18.22 രൂപയായും ടാക്‌സിയുടേത് 20.66 രൂപയിൽ നിന്ന് 21.90 രൂപയായും ഉയർന്നു.
മഹാനഗർ ഗ്യാസ് ലിമിറ്റഡ് സി.എൻ.ജി വില കിലോഗ്രാമിന് രണ്ട് രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് നിരക്ക് പരിഷ്‌കരണം. 18 മാസത്തെ ഇടവേളയ്ക്കുശേഷമാണ് മുംബൈയിൽ ഓട്ടോ-ടാക്‌സി നിരക്ക് പുതുക്കുന്നത്. 2025 ഫെബ്രുവരി ഒന്നിനാണ് ഇരുവാഹനങ്ങൾക്കും അവസാനമായി മൂന്ന് രൂപ വീതം നിരക്ക് വർധിപ്പിച്ചത്.
ഇലക്ട്രോണിക് ഫെയർ മീറ്റർ പുനഃക്രമീകരിച്ചതിനുശേഷമോ ആർടിഒ അംഗീകരിച്ച നിരക്ക് പട്ടിക പ്രദർശിപ്പിച്ചോ ഡ്രൈവർമാർക്ക് പുതുക്കിയ നിരക്ക് ഈടാക്കാം. മീറ്റർ പുനഃക്രമീകരിക്കുന്നതിന് നവംബർ അവസാനം വരെയാണ് ഡ്രൈവർമാർക്ക് അനുവദിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ മീറ്റർ പുനഃക്രമീകരിക്കാത്ത ഡ്രൈവർമാർക്കെതിരേ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.