അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള: അവിനാഷ് ശുക്ല ഒന്നാം പ്രതിയെന്ന് എസ്.ഐ.ടി; ചമ്പത് റായിയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്
അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിൽ അവിനാഷ് ശുക്ലയാണ് ഒന്നാം പ്രതിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക റിപ്പോർട്ട്. 40 ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇയാളും കൂട്ടാളികളും ചേർന്ന് 70 തവണയായി പണം മോഷ്ടിച്ച് ഒളിപ്പിച്ചതായി കണ്ടെത്തി. പ്രതികളിൽ നിന്ന് അയോധ്യ പോലീസ് നടത്തിയ തിരച്ചിലിൽ ശുക്ലയുടെ പക്കൽ നിന്നാണ് ഏറ്റവും കൂടുതൽ തുക പിടിച്ചെടുത്തത്. 20.39 ലക്ഷം രൂപ, 1121 ഡോളർ, സ്വർണം, വെള്ളി ആഭരണങ്ങൾ, കാർ എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അനുകൽപ് മിശ്ര, ലവ്കുശ് മിശ്ര, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര എന്നിവർ പണം മാറ്റാൻ ശുക്ലയെ സഹായിച്ചതായും മനീഷ് കുമാർ യാദവ് ഇവരെ ഏകോപിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ മേൽനോട്ടത്തിൽ മുൻ ട്രസ്റ്റി അനിൽ മിശ്രയ്ക്ക് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്നും എസ്.ഐ.ടി ചൂണ്ടിക്കാണിച്ചു.
വിവാദം കനത്തതോടെ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ അഡ്മിനിസ്‌ട്രേറ്റർ പദവിയിൽ നിന്ന് നീക്കപ്പെട്ട ഗോപാൽ റാവു ക്ഷേത്രസമുച്ചയത്തിലെ താമസസ്ഥലം ഒഴിഞ്ഞു. എന്നാൽ താൻ പുറത്തായതല്ലെന്നും താൽക്കാലികമായി മാറിനിൽക്കുന്നതാണെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം, ഏതാനും വ്യക്തികൾ ചെയ്ത തെറ്റിന്റെ പേരിൽ രാമക്ഷേത്ര ട്രസ്റ്റിനെ മുഴുവൻ കുറ്റപ്പെടുത്താനാകില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. അയോധ്യയെയും ശ്രീരാമന്റെ പാരമ്പര്യത്തെയും അപകീർത്തിപ്പെടുത്താൻ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും വിഷയം രാഷ്ട്രീയമായി മുതലെടുക്കുകയാണെന്നും യോഗി കുറ്റപ്പെടുത്തി.
എന്നാൽ, സ്ഥാനമൊഴിഞ്ഞ ശ്രീരാമക്ഷേത്ര തീർഥ ട്രസ്റ്റ് ചെയർമാൻ ചമ്പത് റായിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ട്രസ്റ്റിൽ അംഗങ്ങളെ തിരഞ്ഞെടുത്തതിൽ പറ്റിയ തെറ്റിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് മാപ്പുപറയണമെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേഷ് ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ മുന്നിൽ നിന്ന പ്രധാനമന്ത്രി ഈ കൊള്ളയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സംഭാവന തട്ടിപ്പ് ലോകമെമ്പാടുമുള്ള വിശ്വാസികളെ വേദനിപ്പിച്ചെന്നും ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നും ആരോപിച്ച സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ട്രസ്റ്റ് ഉടനടി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.