അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട് : എസ്.ഐ.ടിയോട് റിപ്പോർട്ട് തേടി സുപ്രീംകോടതി
അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള സംഭാവനയിൽ ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള ഹർജികളിൽ എസ്.ഐ.ടിയോട് സുപ്രീംകോടതി റിപ്പോർട്ട് തേടി. അന്വേഷണ പുരോഗതിയും സംഘത്തിന്റെ ഘടനയും വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ യു.പി. സർക്കാർ രൂപീകരിച്ച എസ്.ഐ.ടിയോട് കോടതി നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേന്ദ്രസർക്കാർ, ഉത്തർപ്രദേശ് സർക്കാർ, ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് എന്നിവയ്ക്ക് കോടതി നോട്ടീസ് അയച്ചു.
സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ അടുത്തയാഴ്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് ഇതുവരെയുള്ള അന്വേഷണത്തിന്റെ സ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് അയക്കുന്നതിനെ സോളിസിറ്റർ ജനറൽ എതിർത്തെങ്കിലും കോടതി അത് തള്ളി.റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിക്കുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.