അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസ്; എസ്ഐടിയുടെ സമയപരിധി നീട്ടി

 

അയോധ്യയിലെ രാമക്ഷേത്രത്തിലെ ഫണ്ട് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) സമയം നീട്ടി നൽകി ഉത്തർപ്രദേശ് സർക്കാർ. ജൂലൈ 15നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.കേസിന്റെ വിവിധ വശങ്ങൾ വിശദമായി പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് എസ്ഐടി സർക്കാരിനെ അറിയിച്ചതിനെ തുടർന്നാണ് സമയപരിധി നീട്ടിയത്.

ജൂൺ 13-നാണ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ യോഗി സർക്കാർ നിയോഗിച്ചത്. ആദ്യം 15 ദിവസത്തെ സമയമാണ് അന്വേഷണത്തിനായി അനുവദിച്ചിരുന്നത്. ജൂൺ 23-ന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും എട്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ലഖ്നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്ത് ഐഎഎസ്, കിരൺ എസ് ഐപിഎസ്, ഐജിയും ധനകാര‍്യ വകുപ്പ് സ്പെഷ‍്യൽ സെക്രട്ടറിയുമായ നീൽ രഥൻ എന്നിവരാണ് എസ്ഐടി സംഘത്തിലുള്ളത്. 

അറസ്റ്റിലായ എട്ട് പേരും ക്ഷേത്രത്തിലെ പണം എണ്ണാൻ ചുമതലപ്പെടുത്തിയിരുന്ന ജീവനക്കാരായിരുന്നു. പ്രോസിക്യൂഷൻ അനുസരിച്ച് ഇതുവരെ 79.85 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.മോഷണം, വിശ്വാസവഞ്ചന, ക്രിമിനൽ ഗൂഢാലോചന, കവർന്ന സ്വത്ത് കൈവശംവെക്കൽ, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.