അയോധ്യ രാമക്ഷേത്രത്തിൽ വൻ സംഭാവനക്കൊള്ള; പ്രതിദിനം 8 ലക്ഷം രൂപ വരെ തട്ടിയെന്ന് പോലീസ്

 

അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിൽ നിന്ന് പ്രതിദിനം 6 മുതൽ 8 ലക്ഷം രൂപ വരെ കൊള്ളയടിച്ചതായി പോലീസ്. ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചാണ് അന്വേഷണ സംഘം ഈ നിഗമനത്തിലെത്തിയത്. തട്ടിപ്പ് പുറത്തുവരുന്നതിന് മുൻപ് ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽ പ്രതിദിനം 18 ലക്ഷം രൂപ വരെയാണ് വന്നിരുന്നത്. എന്നാൽ അന്വേഷണം തുടങ്ങിയതോടെ ഈ തുക പ്രതിദിനം 26 ലക്ഷം രൂപയായി വർദ്ധിച്ചു. സ്വർണ്ണാഭരണങ്ങൾ അടക്കമുള്ളവയ്ക്ക് കൃത്യമായ രേഖകൾ ഇല്ലാതിരുന്നതാണ് തട്ടിപ്പിന് കാരണമായത്.

ക്ഷേത്രത്തിലെ പണപ്പിരിവ് എസ്.ബി.ഐയുടെ (SBI) മേൽനോട്ടത്തിലാണ് നടന്നിരുന്നത്. പണം എണ്ണാൻ ഒരു സ്വകാര്യ ഏജൻസിയെയാണ് ചുമതലപ്പെടുത്തിയത്. ഈ സംഘത്തിന് മേൽനോട്ടം വഹിച്ച വിരമിച്ച ബാങ്ക് ജീവനക്കാരൻ സുഭാഷ് ശ്രീവാസ്തവ ഉൾപ്പെടെ എട്ട് പ്രതികളെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. പണം മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയ ജീവനക്കാരനോട് ‘ഇത് നമ്മുടെ വീട്ടിൽ നിന്ന് പോകുന്നതല്ല’ എന്ന് ശ്രീവാസ്തവ പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നു. കൂടുതൽ സാമ്പത്തിക അന്വേഷണങ്ങൾക്കായി അയോധ്യ പോലീസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ED) കത്തയച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ ചമ്പത് റായി, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെയും പോലീസ് ചോദ്യം ചെയ്തു. ഇവരുടെ സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി ഇവരുടെ സ്വത്തുക്കളിൽ ഉണ്ടായ അസ്വാഭാവിക വർദ്ധനവും പോലീസ് അന്വേഷിക്കുന്നുണ്ട്. പണം എണ്ണാൻ സ്വകാര്യ ഏജൻസിയെ അനുവദിച്ചതിൽ ബാങ്ക് ഉദ്യോഗസ്ഥരോടും അന്വേഷണ സംഘം വിശദീകരണം തേടി. മോഷ്ടിച്ച പണം ക്ഷേത്രത്തിന് സമീപമുള്ള പാർക്കിൽ വെച്ചാണ് പങ്കിട്ടിരുന്നതെന്ന് അറസ്റ്റിലായ പ്രതി മൊഴി നൽകിയിട്ടുണ്ട്.