അയോധ‍്യ ക്ഷേത്ര കൊള്ള, വിദ‍്യാർഥികൾക്കെതിരായ പൊലീസ് നടപടി; പാർലമെന്റ് സമുച്ചയത്തിൽ പ്രതിപക്ഷ പ്രതിഷേധം

 

അയോധ‍്യ രാമക്ഷേത്ര സംഭാവന കൊള്ള, രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ സമരം നടത്തിയ വിദ‍്യാർഥികൾക്കെതിരായ പൊലീസ് നടപടി എന്നീ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ എംപിമാരായ കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി വദ്ര എന്നിവർ പാർലമെന്‍റ് സമുച്ചയത്തിൽ പ്രതിഷേധിച്ചു.

വിദ‍്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിൽ വന്ന് പ്രസ്താവന നടത്തണമെന്നും എംപിമാർ ആവശ‍്യപ്പെട്ടു. പ്ലക്കാർഡുകളുമേന്തി മുദ്രാവാക‍്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു എംപിമാരുടെ പ്രതിഷേധം.

കോൺഗ്രസ്, സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളിലെ എംപിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു. വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിക്കാൻ ഉത്തരവിട്ടത് ആരാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

അമിത് ഷാ പാർലമെന്റിലെത്തി വിഷയത്തിൽ പ്രതികരിക്കണമെന്നും വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് ആഴ്ചയിലേറെയായി കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്.