മോശം കാലാവസ്ഥ; ബദരീനാഥിൽ നിന്ന് മടങ്ങിയ ഹെലികോപ്റ്റർ തകർന്നുവീണു
Oct 30, 2026, 17:54 IST
മോശം കാലാവസ്ഥയെത്തുടർന്ന് ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്റ്റർ തകർന്നുവീണു. ബദരീനാഥിൽ നിന്ന് ആറ് തീർഥാടകരുമായി ഡെറാഡൂണിലേക്ക് പോയ ട്രാൻസ്ഭാരത് കമ്പനിയുടെ ചാർട്ടേഡ് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ജോഷിമഠിന് സമീപമുള്ള ചൈൻ ഗ്രാമത്തിനടുത്താണ് ഹെലികോപ്റ്റർ തകർന്നുവീണതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു.
ജില്ലാ ഭരണകൂടം, ദുരന്തനിവാരണ വകുപ്പ്, സംസ്ഥാന ദുരന്തനിവാരണ സേനയായ എസ്.ഡി.ആർ.എഫ് എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽപ്പെട്ടവരുടെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.