മദ്യനയ അഴിമതിക്കേസ്; ബി.ആർ.എസ് നേതാവ് കെ. കവിതയ്ക്ക് ജാമ്യം

 

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയ്ക്ക് ജാമ്യം. സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രതിയായ കേസിലാണു നടപടി.

കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ പ്രമുഖ രാഷ്ട്രീയ നേതാവാണ് തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം കൂടിയായ കവിത. കഴിഞ്ഞ ഫെബ്രുവരിയിൽ അറസ്റ്റിലായ സിസോദിയയ്ക്ക് ഈ മാസം ആദ്യത്തിൽ ജാമ്യം ലഭിച്ചിരുന്നു. സ്ത്രീയാണെന്ന പരിഗണന നൽകിയാണ് കവിതയ്ക്ക് അനുകൂലമായി സുപ്രിംകോടതി ആശ്വാസവിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് കവിതയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. അഞ്ചു മാസത്തിലേറെയായി അവർ ജയിലിലാണെന്നും വിചാരണ അടുത്തൊന്നും തീരാൻ സാധ്യതയില്ലെന്നും ഉത്തരവിൽ കോടതി പറഞ്ഞു. ജാമ്യാപേക്ഷയിൽ നിയമം സ്ത്രീകൾക്കു പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.