ടെലഗ്രാം നിരോധനം കേന്ദ്ര സർക്കാരിന്റെ ''പുതിയ തന്ത്രം''; രാഹുൽ ഗാന്ധി

 

ടെലഗ്രാം നിരോധനം കേന്ദ്ര സർക്കാരിന്റെ പുതിയ തന്ത്രമാണെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി . കള്ളനെ പിടിക്കുന്നതിനുപകരം ഇരയുടെ വാതിലിൽ പൂട്ടിടുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.എക്‌സ് പോസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം . രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വർഷങ്ങളായി ടെലഗ്രാം പഠനത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും, ഈ സൗകര്യം തടയുന്നത് ചോദ്യപേപ്പർ ചോർച്ച പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

''അടുത്തതായി ഏത് സേവനമാണ് നിരോധിക്കപ്പെടുക?'' എന്ന് ചോദിച്ച രാഹുൽ, ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകൾ കേന്ദ്രസർക്കാരിന്റെ നിരീക്ഷണത്തിൽ തഴച്ചു വളരുകയാണ് എന്നും ആരോപിച്ചു.വിദ്യാർത്ഥികളുടെ അവകാശങ്ങളും പ്രശ്‌നങ്ങളും സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്നും,''നാടകങ്ങൾ അവസാനിപ്പിക്കണം'' എന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.