കക്കുന്നതിലും നല്ലത് ഭിക്ഷാടനമെന്ന് യുവതി; മകളെ കൊണ്ട് ഭിക്ഷയെടുപ്പിച്ചു, ഇരുനില വീട്, വിലയുള്ള മൊബൈൽ, യുവതി സമ്പദിച്ചത് ലക്ഷങ്ങൾ
നഗര മധ്യത്തിൽ ഭൂമി, ഇരുനില വീട്, മോട്ടോർ സൈക്കിൾ, 20,000 രൂപയുടെ സ്‌മാർട്ട്‌ഫോൺ, ആറാഴ്ചകൊണ്ട് നേടിയത് രണ്ടര ലക്ഷം രൂപ….മധ്യപ്രദേശിലെ ഇൻഡോറിൽ മക്കളെ കൊണ്ട് പിച്ചയെടുപ്പിച്ച് ‘ഇന്ദ്ര ബായി’ എന്ന സ്ത്രീ സമ്പാദിച്ചുകൂട്ടിയ സ്വത്തുക്കളുടെ കണക്കുകൾ ആണ് ഇവ. സ്ഥിരം കുറ്റവാളിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മക്കളെ ഉപയോഗിച്ചുള്ള ഭിക്ഷാടനത്തിലൂടെ ഇവർ സമ്പാദിച്ച ലക്ഷങ്ങളുടെ കണക്കുകൾ പുറത്തുവന്നത്.
ഫെബ്രുവരി 9 നാണ് ‘ഇന്ദ്ര ബായി’ പിടിക്കപ്പെടുന്നത്. യാചകരെ പുനരധിവസിപ്പിക്കാൻ ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ സന്നദ്ധപ്രവർത്തകർ ഇന്ദ്ര ബായിയുടെ കള്ളക്കളി കയ്യോടെ പിടികൂടുകയായിരുന്നു. പിടിക്കപ്പെടുമ്പോൾ ഇന്ദ്ര ബായിയുടെ പക്കൽ 19,600 രൂപയും പെൺകുട്ടിയുടെ കൈയ്യിൽ നിന്ന് 600 രൂപയും ഉദ്യോഗസ്ഥർ കണ്ടെത്തി. പിന്നാലെ വിവരം പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഏഴു വയസ്സുള്ള മകളെ എൻ.ജി.ഒയ്ക്ക് കൈമാറി. കക്കുന്നതിനേക്കാൾ നല്ലതാണ് ഭിക്ഷാടനം എന്ന് ഇതിനിടെ യുവതി തർക്കിക്കുന്നുണ്ടായിരുന്നു.