സൂരജ് പാൽ എന്ന ഭോലെ ബാബ; ക്രിമിനൽ കേസിൽ പ്രതി, ലൈംഗികാതിക്രമം അടക്കം ഒന്നിലധികം കേസുകൾ 

 

ഹാഥ്‌റാസിൽ നൂറ് കണക്കിന് പേരുടെ മരണത്തിനിടയാക്കിയ മതചടങ്ങ് സംഘടിപ്പിച്ച ആൾദൈവം ഭോലെ ബാബക്കെതിരെ വെറെയും കേസുകൾ ഉണ്ട്.   ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാൾ. ലൈംഗികാതിക്രമം അടക്കം ഒന്നിലധികം കേസുകളുണ്ട്.  സൂരജ് പാൽ എന്ന ഭോലെ ബാബക്ക്. ആഗ്ര, ഇതവാഹ്, കസ്ഗഞ്ച്, ഫറൂഖാബാദ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇയൾക്കെതിരെ കേസുകൾ നിലവിലുണ്ട്. 1997ൽ ഇയാൾക്കെതിരെ ലൈംഗികാതിക്രമക്കേസെടുത്തിരുന്നു. ഈ കേസിൽ സൂരജ് പാൽ ജയിൽ വാസവും അനുഭവിച്ചിരുന്നു. ഉത്തർപ്രദേശിൽ പൊലീസ് സേനയിലായിരുന്ന സൂരജ് പാൽ 1990ൽ ജോലിയിൽ നിന്ന് സ്വയം വിരമിച്ച ശേഷമാണ് ആൾദൈവമായി സ്വയം അവരോധിക്കുന്നത്.

23 വർഷം മുമ്പ് ആഗ്രയിൽ മറ്റൊരു കേസിലും ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മരിച്ച ദത്തുപുത്രിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ തനിക്ക് മാന്ത്രിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് നടത്തിയ സംഘർഷത്തിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രഗ്സ് ആന്റ് മാജിക് റെമഡീസ് ആക്ട് പ്രകാരമാണ് അന്ന് ഇയാൾക്കെതിരെ കേസെടുത്തത്. കുട്ടിയുടെ സംസ്കാരച്ചടങ്ങിനിടെ സംഘർഷമുണ്ടാക്കിയതിന് ഇയാളെയും മറ്റ് ആറ് പേരെയുമാണ് അറസ്റ്റ് ചെയ്തത്.

മക്കളില്ലാതിരുന്ന സൂരജ് പാൽ ബന്ധുവായ കുട്ടിയെ ദത്തെടുത്തു. ക്യാൻസർ രോഗബാധയായ കുട്ടി തലകറങ്ങി വീണു. സൂരജ് പാലിന്റെ ആളുകൾ അയാൾ കുട്ടിയെ ഉയിർത്തെഴുന്നേൽപ്പിക്കുമെന്നും അത്ഭുതം സംഭവിക്കുമെന്നുമുള്ള അവകാശവാദവുമായി രംഗത്തെത്തി. അൽപ്പസമയത്തിന് ശേഷം കുട്ടി ബോധാവസ്ഥയിലേക്ക് തിരിച്ചുവന്നെങ്കിലും വൈകാതെ മരിച്ചു.

പൊലീസിൽ നിന്ന് രാജിവച്ച് സൂരജ്പാല്‍ വളരെ വേഗം ആത്മീയ വഴിയിലേക്ക് തിരിയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പിന്നീട് പുതിയ പേര് സ്വീകരിക്കുകയും ഭക്തി പ്രഭാഷണം തുടങ്ങുകയും ചെയ്തു. സത്സംഗ് വേദികളില്‍ വെള്ളയും വെള്ളയുമാണ് ഭോലെ ബാബയുടെ സ്ഥിരം വേഷം. പലപ്പോഴും ബാബയ്ക്ക് ഒപ്പം സത്സംഗം വേദികളില്‍ എത്തുന്ന ഭാര്യയെ അനുയായികള്‍ മാതാജി എന്ന് വിളിക്കുന്നു. യുപിയിലെ ഗ്രാമീണ മേഖലകളിലെ ദരിദ്രരായ സ്ത്രീകള്‍ ആണ് ബാബയുടെ അനുയായികളില്‍ ഭൂരിപക്ഷവും. ഇന്നലത്തെ ദുരന്തത്തില്‍ മരിച്ചവരില്‍ ഏറെ പേരും സ്ത്രീകളും കുട്ടികളുമാണെന്നത് ഇതിന്‍റെ തെളിവാണ്.

രാഷ്ട്രീയഭേദമന്യേ ബാബയുടെ പരിപാടികളില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും സാന്നിധ്യവുമുണ്ട്. ഫേസ്ബുക്കില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ് ഇദ്ദേഹത്തിനുണ്ട്.