ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറാക്കും; ഇന്ത്യയിൽ നിന്ന് വിദഗ്ദ്ധ തൊഴിലാളികളെ തേടി റഷ്യ

 

ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനും തമ്മിൽ നിർണായക ഉഭയകക്ഷി ചർച്ചകൾ നടത്തി. പ്രതിരോധം, ഊർജ്ജ സുരക്ഷ, സാമ്പത്തിക വിപുലീകരണം എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറായി (10,000 കോടി ഡോളർ) ഉയർത്താൻ കൂടിക്കാഴ്ചയിൽ ധാരണയായി. 2022-ലെ യുക്രൈൻ യുദ്ധത്തിന് ശേഷം റഷ്യയ്ക്ക് പുറത്തുനടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പുതിൻ നേരിട്ട് പങ്കെടുക്കുന്നത് ഇതാദ്യമായാണ്.

വ്യവസായം, റെയിൽവേ, ടണലിംഗ്, സ്റ്റീൽ, സിവിൽ ന്യൂക്ലിയർ, നിർണായക ധാതുക്കൾ എന്നീ മേഖലകളിലെ സഹകരണത്തിനൊപ്പം ഇന്ത്യയിൽ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളുടെ സേവനവും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധന പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യയുമായുള്ള ഊർജ്ജ സഹകരണം ഇന്ത്യയ്ക്ക് നിർണായകമാണ്. യുക്രൈൻ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ സമാധാന പാതയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി, വിഷയം പരിഹരിക്കുന്നതിൽ ഇന്ത്യ നിഷ്പക്ഷമല്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും പുതിനോട് വ്യക്തമാക്കി.

കൂടിക്കാഴ്ചയുടെ തുടക്കത്തിൽ തമിഴ് കവിയും തത്ത്വചിന്തകനുമായ തിരുവള്ളുവരുടെ പ്രശസ്തമായ 'തിരുക്കുറൾ' കൃതിയുടെ റഷ്യൻ പരിഭാഷ മോദി പുതിന് സമ്മാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്‌കാരിക ബന്ധം വിളിച്ചോതുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഈ സമ്മാനം.