ബിസ്ലേരി കുടിവെള്ള വിവാദം: വിശദീകരണവുമായി കമ്പനി; ആറ് സാമ്പിളുകളിൽ അഞ്ചും സുരക്ഷിതമെന്ന് അവകാശവാദം
ബിസ്ലേരി കുടിവെള്ള സാമ്പിൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) കണ്ടെത്തലിൽ വിശദീകരണവുമായി കമ്പനി. ഗോവയിലെ ഫാക്ടറിയിൽനിന്ന് ശേഖരിച്ച ആറ് സാമ്പിളുകളിൽ അഞ്ചും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്നും ഒരെണ്ണത്തിൽ മാത്രമാണ് വീഴ്ച കണ്ടെത്തിയതെന്നും ബിസ്ലേരി വ്യക്തമാക്കി.
2025 സെപ്റ്റംബർ 30-നാണ് എഫ്എസ്എസ്എഐ ഗോവയിലെ ഫാക്ടറിയിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചത്. പ്രാഥമിക പരിശോധനയിൽ ഒരു സാമ്പിളിൽ ലിറ്ററിന് 12 മൈക്രോഗ്രാം ബ്രോമേറ്റ് കണ്ടെത്തി. അനുവദനീയമായ പരിധി 10 മൈക്രോഗ്രാമാണ്. ഇതിനെതിരെ കമ്പനി അപ്പീൽ നൽകിയതിനെത്തുടർന്ന് സാമ്പിൾ റഫറൽ ലബോറട്ടറിയിൽ വീണ്ടും പരിശോധിച്ചു. ഈ പരിശോധനയിൽ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തിയെങ്കിലും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (പിഎഎച്ച്) സാന്നിധ്യം കണ്ടെത്തിയതായി കമ്പനി അറിയിച്ചു.
തുടർന്ന് എഫ്എസ്എസ്എഐ അംഗീകൃത മറ്റൊരു ലബോറട്ടറിയിലും സാമ്പിൾ പരിശോധിച്ചപ്പോൾ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തിയെന്നും ബിസ്ലേരി വ്യക്തമാക്കി. പരിശോധനാഫലം 2026 ഫെബ്രുവരി രണ്ടിന് എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയണൽ ഓഫീസിന് കൈമാറിയിരുന്നു. പിന്നീട് അധികൃതരിൽനിന്ന് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും കമ്പനി പറയുന്നു.
അതേസമയം, റഫറൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പിഎഎച്ചിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് സാമ്പിൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചതെന്നാണ് എഫ്എസ്എസ്എഐയുടെ വിശദീകരണം. കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്കും അനുമതി നൽകിയിട്ടുണ്ട്. തങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപഭോഗത്തിന് സുരക്ഷിതമാണെന്നും നിർമ്മാണ പ്രക്രിയയിൽ 90-ലധികം ഗുണനിലവാര പരിശോധനകൾ നടത്തുന്നുണ്ടെന്നും ബിസ്ലേരി വ്യക്തമാക്കി