ഭരണാധികാരി ആത്മപരിശോധനയ്ക്ക് തയാറാകണം, സൗഹാർദത്തിന്റെ പാതയിൽ നീങ്ങിയാൽ മാത്രമേ ‘വിശ്വഗുരു’ ആകൂ; നിതിൻ ഗഡ്കരി
ഭരണാധികാരി ആത്മപരിശോധനയ്ക്ക് തയാറാകണമെന്ന് കേന്ദ്ര ഗതാഗത മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി. എഴുത്തുകാരും ബുദ്ധിജീവികളും അഭിപ്രായങ്ങൾ ഭയമില്ലാതെ തുറന്നു പറയണമെന്ന് പ്രോത്സാഹിപ്പിച്ച അദ്ദേഹം വിമർശനത്തെ സഹിഷ്ണുതയോടെ നേരിടണമെന്നും അഭിപ്രായപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിയുടെ പ്രചാരകനായ ഗഡ്കരി പുണെയിൽ പുസ്തക പ്രകാശനച്ചടങ്ങിലാണ് ജനാധിപത്യത്തെയും മതനിരപേക്ഷതയെയും പിന്തുണച്ചു സംസാരിച്ചത്.
‘വ്യത്യസ്ത അഭിപ്രായങ്ങളെയും നാം മാനിക്കാറുണ്ട്. ഒരാളുടെ വ്യക്തിത്വം ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിലല്ല നിശ്ചയിക്കേണ്ടത്. എല്ലാ മതഗ്രന്ഥങ്ങളും പറയുന്നത് ഒന്നു തന്നെയാണ്. ജാതി വേർതിരിവുകളും തൊട്ടുകൂടായ്മയും നിലനിൽക്കുമ്പോൾ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാനാകില്ല. മതവിശ്വാസം വ്യക്തിപരമായ തീരുമാനമാണ്. സാമൂഹിക സൗഹാർദത്തിന്റെ പാതയിൽ നീങ്ങിയാൽ മാത്രമേ ‘വിശ്വഗുരു’ ആകാൻ കഴിയൂ’ ഗഡ്കരി പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയുടെ കരുത്ത് കുറഞ്ഞിരിക്കെ, ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന ഗഡ്കരിയുടെ നിലപാട് തിരഞ്ഞെടുപ്പിൽ നിർണായകമാണ്.