ബി.ജെ.പി ഗുണ്ടകളെ വിട്ട് പ്രതിഷേധം അട്ടിമറിക്കാൻ ശ്രമിക്കുന്നു: ആരോപണവുമായി സി.ജെ.പി പ്രസിഡന്റ് അഭിജീത്ത് ദീപ്‌കെ

 

സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങളെ അട്ടിമറിക്കാൻ ബി.ജെ.പി പുറത്തുനിന്ന് ഗുണ്ടകളെ എത്തിക്കുകയാണെന്ന ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രസിഡന്റ് അഭിജീത്ത് ദീപ്‌കെ. പ്രതിഷേധക്കാർക്ക് നേരെ കല്ലെറിയാനായി ഗുണ്ടകൾക്ക് കല്ലുകൾ നിറച്ച ട്രക്കുകൾ എത്തിച്ചുനൽകുന്നത് പോലീസാണെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ലാത്തിച്ചാർജാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിജീത്ത് വ്യക്തമാക്കി. സിവിൽ വേഷത്തിലെത്തിയ പോലീസുകാർ വാഹനങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെപ്പോലും പോലീസ് മർദ്ദിച്ചതായി ആരോപിച്ചു.

നേരത്തെ ചർച്ചയ്‌ക്കായി സമീപിച്ചപ്പോൾ മണിക്കൂറുകളോളം കാത്തിരിപ്പിച്ച് വെറും പത്ത് മിനിറ്റുകൊണ്ട് അവസാനിപ്പിച്ച് സർക്കാർ സമയം പാഴാക്കുകയായിരുന്നു. ഇനി ചർച്ച നടക്കുന്നുണ്ടെങ്കിൽ അത് ജന്തർ മന്തറിൽ വെച്ച് തന്നെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിരാഹാര സമരം അവസാനിപ്പിക്കാൻ സോനം വാങ്ചുകിനോട് അഭിജീത്ത് ദീപ്‌കെ അഭ്യർത്ഥിച്ചു.