രാജസ്ഥാനിലെ മുണ്ട്വ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി
രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ മുണ്ട്വ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയും നാണക്കേടും. 25 വാർഡുകളുള്ള നഗരസഭയിൽ പത്ത് സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും, ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥിക്ക് സ്വന്തം കൗൺസിലർമാരുടെ വോട്ടുപോലും ലഭിക്കാതെ പോയതാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചത്. ഔദ്യോഗിക ബിജെപി സ്ഥാനാർഥിയായ ഗീതാ ദേവിക്ക് 'പൂജ്യം' വോട്ട് ലഭിച്ചപ്പോൾ, കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിസ്ഥാനാർഥി അൽക്കാ ദേവി കണ്ടോയി അട്ടിമറി വിജയം നേടി.കൗൺസിലർമാരുടെ എണ്ണത്തിൽ വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നിട്ടും സ്വന്തം അംഗങ്ങൾ ഒന്നടങ്കം വിമത നീക്കം നടത്തിയതാണ് ബിജെപിക്ക് തിരിച്ചടിയായത്. 25 അംഗ മുണ്ട്വ മുൻസിപ്പാലിറ്റിയിൽ ബിജെപി 10, ആർഎൽപി ഏഴ്, കോൺഗ്രസ് മൂന്ന്, സ്വതന്ത്രർ അഞ്ച് എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയർപേഴ്സൺ സ്ഥാനത്തേക്ക് പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് ബിജെപി വിട്ട് സ്വതന്ത്രനായി മത്സരിച്ച ഘൻശ്യാം സദാവത്തിന് (വിക്കി) പിന്തുണ നൽകാൻ ബിജെപി കൗൺസിലർമാർ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഔദ്യോഗിക സ്ഥാനാർഥിയായ ഗീതാ ദേവിക്ക് സ്വന്തം പാർട്ടിയുടെ പത്ത് കൗൺസിലർമാരിൽ ഒരാളുടെ പോലും പിന്തുണ ലഭിക്കാതെ വോട്ട് പൂജ്യത്തിലൊതുങ്ങി.