വനിതാ സംവരണത്തിന്റെ മറവിൽ ബിജെപിയുടേത് ദേശവിരുദ്ധ നീക്കം; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
വനിതാ സംവരണ ബില്ലിന്റെ മറവിൽ ബിജെപി നടത്തുന്നത് അപകടകരമായ രാഷ്ട്രീയ നീക്കമാണെന്നും ഭാരതമെന്ന സങ്കൽപ്പത്തെ തകർക്കാൻ അനുവദിക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തെ ജനങ്ങളോട് നുണ പറയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊന്നേരിയിലും റാണിപ്പേട്ടിലും നടന്ന റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ സംവരണത്തിനായി അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന് പിന്നിൽ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പാർലമെന്റ് പ്രാതിനിധ്യം ദുർബലപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഭാരതമെന്ന സങ്കൽപ്പത്തെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാനാണ് പ്രതിപക്ഷം ലോക്‌സഭയിൽ ഈ നീക്കങ്ങളെ ചെറുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ചെയ്തതുപോലെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആധിപത്യം സ്ഥാപിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
തമിഴ്‌നാടിന്റെ ചരിത്രം, സംസ്‌കാരം, ഭാഷ എന്നിവയ്ക്ക് നേരെ ബിജെപിയും ആർഎസ്എസും ആക്രമണം നടത്തുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. തമിഴ്‌നാടിനെ ഡൽഹിയിൽ ഇരുന്ന് ഭരിക്കാമെന്ന് പ്രധാനമന്ത്രി മോഹിക്കേണ്ട. ലോകത്തെ ഒരു ശക്തിക്കും തമിഴ് ഭാഷയെ തൊടാൻ കഴിയില്ല. ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുള്ള തമിഴ് സംസ്‌കാരത്തെ വളച്ചൊടിക്കാനുള്ള നീക്കങ്ങളെ എന്തുവിലകൊടുത്തും തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 23-ന് നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി 28 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.