തടവുശിക്ഷയുടെ വക്കിലെത്തിയ പ്രശസ്ത ബോളിവുഡ് നടൻ രാജ്പാൽ യാദവിന് സുപ്രീം കോടതിയുടെ ആശ്വാസവാക്കുകൾ
ദീർഘകാലമായി തുടരുന്ന ചെക്ക് കേസുകളിൽ കുടുങ്ങി തടവുശിക്ഷയുടെ വക്കിലെത്തിയ പ്രശസ്ത ബോളിവുഡ് നടൻ രാജ്പാൽ യാദവിന് സുപ്രീം കോടതിയുടെ ആശ്വാസവാക്കുകൾ. വീണ്ടും നല്ല സിനിമകൾ നിർമ്മിച്ച് ജനങ്ങളെ രസിപ്പിക്കാനും, അതിലൂടെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നടനെ ഉപദേശിച്ചു. കോടതി ഉത്തരവ് പ്രകാരം രാജ്പാൽ യാദവ് 1.15 കോടി രൂപ രജിസ്ട്രിയിൽ കെട്ടിവെച്ചതായി രേഖപ്പെടുത്തിയ ശേഷമായിരുന്നു കോടതിയുടെ പ്രതികരണം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നടന്റെ ഭൂമി വാങ്ങാൻ താല്പര്യമുള്ള ഒരാൾ ഒക്ടോബർ 12-നകം 85 ലക്ഷം രൂപ ഡിമാൻഡ് ഡ്രാഫ്റ്റായി രജിസ്ട്രിയിൽ അടയ്ക്കാൻ തയ്യാറാണെന്ന് യാദവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിയിൽ നേരിട്ട് ഹാജരായ രാജ്പാൽ യാദവ് താൻ സംവിധാനം ചെയ്ത 'അതാ പതാ ലാപ്പതാ' എന്ന ചിത്രം മൂലം നേരിട്ട ഭീമമായ സാമ്പത്തിക നഷ്ടങ്ങൾ തുറന്നുപറഞ്ഞു. കഴിഞ്ഞ 13 വർഷത്തിനിടെ 200 മുതൽ 250 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും, 1,200 തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ഒരു തിയേറ്ററിൽ പോലും പ്രദർശിപ്പിക്കാൻ കഴിയാതെ പോയതോടെ സർവ്വസ്വവും നഷ്ടപ്പെട്ടെന്നും നടൻ വികാരാധീതനായി കോടതിയിൽ വ്യക്തമാക്കി.