അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും വീണ്ടും ബോംബ് ഭീഷണി; ഒരു മാസത്തിനിടെ നാലാം തവണ

 

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും നേരെ വീണ്ടും ബോംബ് ഭീഷണി. രാവിലെ പത്തരയോടെയാണ് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളോടു കൂടിയ ഭീഷണി സന്ദേശം ഇമെയിൽ വഴി ലഭിച്ചത്.

വിവരമറിഞ്ഞ ഉടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ നാലാമത്തെ തവണയാണ് അമിതാഭ് ബച്ചന്റെ വസതിക്ക് നേരെ സമാനമായ രീതിയിൽ ഭീഷണി സന്ദേശമെത്തുന്നത്.

മുംബൈ മഹാലക്ഷ്മി റേസ് കോഴ്സിലും മെട്രോ സ്റ്റേഷനുകളിലും ബോംബ് സ്ഫോടനമുണ്ടാകുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ ഒരു മാസത്തിനകം നഗരത്തിൽ സ്ഫോടന പരമ്പരയുണ്ടാകുമെന്ന മുന്നറിയിപ്പും മെയിലിലുണ്ട്. എന്നാൽ ഇത് വ്യാജ ഭീഷണി സന്ദേശമാണെന്ന നിഗമനത്തിലാണ് പൊലീസ്, സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.