തിങ്കളാഴ്ച വരെ നിർബന്ധിത നടപടി പാടില്ല;വങ്കഡെക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്

 

NCB മുംബൈ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ തിങ്കളാഴ്ച വരെ സിബിഐയുടെ നിർബന്ധിത നടപടി പാടില്ലെന്ന് ബോംബെ ഹൈക്കോടതി. സിബിഐയുടെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വാങ്കഡെ നൽകിയ ഹർജിയിലാണ് അനുകൂലവിധി.

ഷാരൂഖ് ഖാനുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ അടക്കം വാങ്കഡെ കോടതിയിൽ സമർപ്പിച്ചു. ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് തനിക്കെതിരെ കേസ് എടുത്തതെന്നാണ് സമീർ വാങ്കഡെ ഹർജിയിൽ പറയുന്നത്.

അതേസമയം സമീർ വാങ്കഡെയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. വാങ്കഡെ കണക്കിൽപെടാത്ത സ്വത്ത് സമ്പാദിച്ചതായും കുടുംബവുമായി പലവട്ടം വിദേശ ‍യാത്രകൾ നടത്തിയതായുമെല്ലാം എൻ.സി.ബിയുടെ വിജിലൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ പ്രതിയാക്കാതിരിക്കാൻ ഷാരൂഖ് ഖാനോട് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ വാങ്കഡെയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണം തുടരുന്നതിനിടെയാണ് വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നത്. ഇയാൾക്ക് മുംബൈയിൽ നാലു ഫ്ളാറ്റുകളും വഷീമിൽ 41,688 ഏക്കർ ഭൂമിയുമുണ്ട്. 2.45 കോടി വിലമതിക്കുന്ന അഞ്ചാമത്തെ ഫ്ലാറ്റിന് വാങ്കഡെ 2.45 കോടി രൂപ ചെലവഴിച്ചതായും വങ്കഡെ സമ്മതിച്ചതായി അന്വേഷണസംഘം പറഞ്ഞു. യഥാർത്ഥത്തിൽ 1.25 കോടി രൂപയാണ് വാങ്കഡെ ഇതിനായി ചിലവഴിച്ചത്. പക്ഷെ ഈ വരുമാനത്തിൻറെ ഉറവിടം അദ്ദേഹത്തിന് ബോധ്യപ്പെടുത്താനായിട്ടില്ല .