ബ്രിക്‌സ് ഉച്ചകോടി: ഡൽഹിയിൽ കനത്ത സുരക്ഷ; 15,000 പൊലീസുകാരെ വിന്യസിച്ചു

 

ബ്രിക്‌സ് ഉച്ചകോടിയിൽ ലോകനേതാക്കൾ പങ്കെടുക്കാനിരിക്കെ ഡൽഹിയിൽ പഴുതടച്ച സുരക്ഷ. ഡൽഹി പൊലീസിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും നേതൃത്വത്തിൽ നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

15,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും 200 കമ്പനി അർധസൈനികരെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. 500ലധികം സിസിടിവി ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിൽ താത്കാലികമായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. വിവിഐപികളുടെ വാഹനവ്യൂഹം സഞ്ചരിക്കുന്ന റോഡുകളിൽ ഗതാഗതം വഴിതിരിച്ചുവിടും. 35ലധികം റോഡുകളിൽ ഗതാഗതനിയന്ത്രണം ഉണ്ടാകും. എന്നാൽ ഡൽഹി പൂർണമായി അടച്ചിടില്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

ഭാരത് മണ്ഡപം, വിമാനത്താവളം, ലോകനേതാക്കൾ താമസിക്കുന്ന ഹോട്ടലുകൾ എന്നിവ കനത്ത സുരക്ഷാ വലയത്തിലാണ്. ഉച്ചകോടി നടക്കുന്ന ദിവസങ്ങളിൽ മെട്രോയും സിറ്റി ബസ് സർവീസുകളും തുടരും. ചില മെട്രോ സ്റ്റേഷനുകളിൽ പ്രവേശനത്തിനും പുറത്തുകടക്കുന്നതിനും നിയന്ത്രണമുണ്ടാകാം.

രണ്ട് ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിക്ക് ശനിയാഴ്ച തുടക്കമാകും. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ വെള്ളിയാഴ്ച പുലർച്ചെ ഡൽഹിയിലെത്തി. മറ്റ് ലോകനേതാക്കളും വരും മണിക്കൂറുകളിൽ തലസ്ഥാനത്തെത്തും.