നാഗർകോവിലിലെ യൂട്യൂബറുടെ വീട്ടിലെ കവർച്ച; നാലുപേർ പിടിയിൽ, 98 പവൻ സ്വർണം കണ്ടെടുത്തു

 

നാഗർകോവിലിൽ പ്രമുഖ യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് ഒരു കോടിയോളം രൂപ മൂല്യമുള്ള സ്വർണ-വജ്രാഭരണങ്ങളും പണവും കവർന്ന കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലംകുളം സ്വദേശി മുരുകേശൻ (30), തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) എന്നിവരടക്കമുള്ള സംഘമാണ് പിടിയിലായത്. ഇവരിൽ നിന്ന് കവർച്ച ചെയ്ത 98 പവൻ സ്വർണാഭരണങ്ങൾ പോലീസ് വീണ്ടെടുത്തു. സെപ്റ്റംബർ 24-നായിരുന്നു യൂട്യൂബറായ വിനോദ് കുമാറിന്റെ വീട്ടിൽ മോഷണം നടന്നത്.

യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള വിനോദ് കുമാറിന്റെ ഭാര്യ മധുമിത സ്ഥിരമായി ആഡംബര ജീവിതവും കെട്ടുകണക്കിന് പണവും സ്വർണാഭരണങ്ങളും കാണിക്കുന്ന വീഡിയോകൾ പങ്കുവെക്കാറുണ്ടായിരുന്നു.

സോഷ്യൽ മീഡിയ കണ്ടന്റുകൾ കേന്ദ്രീകരിച്ച് വീടിന്റെ ലൊക്കേഷൻ മനസിലാക്കിയാണ് മോഷ്ടാക്കൾ കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. പ്രദേശത്തെ 160-ഓളം സി.സി.ടി.വി ദൃശ്യങ്ങളും സി.ഡി.ആർ രേഖകളും പരിശോധിച്ച ശേഷമാണ് പ്രതികളെ പോലീസ് വലയിലാക്കിയത്.