ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 9 മരണം, നിരവധി പേർക്ക് പരുക്ക്
Jan 9, 2026, 19:35 IST
ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ 9 പേർ മരിച്ചു. അപകടത്തിൽ 40 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച സോളനിൽ നിന്ന് ഹരിപൂർ ധറിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞത്.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി പ്രാദേശികവാസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഹിമാചലിലെ ദുർഘടമായ മലയോര പാതയിൽ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.