മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; 50 ശതമാനം സീറ്റ് വർധനയ്ക്ക് തീരുമാനം

 

മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകളിലെ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ലോക്‌സഭയിലെ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാനുള്ള തീരുമാനത്തിനും അംഗീകാരം ലഭിച്ചു. വനിതാ സംവരണ ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. ബില്ലുകൾ പാസാക്കാനുള്ള ആവശ്യമായ വോട്ടുകൾ ഉറപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ വ്യക്തമാക്കി.

നേരത്തെ അവതരിപ്പിച്ച ബില്ലുകളിൽ മാറ്റങ്ങൾ വരുത്തിയാകും ഇത്തവണ പാർലമെന്റിൽ അവതരിപ്പിക്കുകയെന്നാണ് സൂചന. ഏപ്രിലിൽ ബില്ലുകൾ പരാജയപ്പെട്ട് ഏഴ് മാസത്തിന് ശേഷമാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഭരണഘടനാ ഭേദഗതിയായതിനാൽ ബില്ലുകൾ പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.

പ്രതിപക്ഷത്തെ ചില കക്ഷികളുടെയും വിമത എംപിമാരുടെയും പിന്തുണ ഉറപ്പാക്കാനാണ് ബിജെപിയുടെ നീക്കം. ഡിഎംകെയുടെ 22 അംഗങ്ങൾ, എൻസിപി (ശരദ് പവാർ) വിഭാഗത്തിന്റെ എട്ട് അംഗങ്ങൾ, വൈഎസ്ആർ കോൺഗ്രസിന്റെ നാല് അംഗങ്ങൾ എന്നിവരുടെ പിന്തുണ ലഭിച്ചാൽ ഭൂരിപക്ഷത്തിലേക്ക് അടുക്കാമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. പ്രതിപക്ഷ നിരയിലെ ചില എംപിമാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നാലും ഭൂരിപക്ഷത്തിന് ആവശ്യമായ വോട്ടുകളുടെ എണ്ണം കുറയുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടുണ്ടെങ്കിൽ പിന്തുണ നൽകുന്ന കാര്യത്തിൽ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തീരുമാനമെടുക്കുമെന്ന് പാർട്ടി നേതാവ് ഇളങ്കോവൻ വ്യക്തമാക്കി.

അതേസമയം, മണ്ഡല പുനർനിർണയം ബിജെപിയുടെ രാഷ്ട്രീയ മണ്ടത്തരമായി മാറുമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. വോട്ടുകൾ ചോരാതിരിക്കാൻ പ്രതിപക്ഷം വിപ്പ് നൽകുകയും കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി യോഗം ചേരുകയും ചെയ്യുന്നുണ്ട്. എൻസിപി (ശരദ് പവാർ) വിഭാഗം ഇന്ത്യാ സഖ്യത്തിനൊപ്പം ഉറച്ചുനിന്നാൽ കേന്ദ്രത്തിന്റെ നീക്കം വീണ്ടും പരാജയപ്പെടുമെന്ന വിലയിരുത്തലുമുണ്ട്.