ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണം: പ്രധാനമന്ത്രിക്ക് കത്തെഴുതി ഇന്ത്യൻ പൈലറ്റുമാരുടെ സംഘടന

 

രാജ്യത്തിന് അഭിമാനമായി മാറിയ ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണമെന്ന് ആവശ്യപ്പെട്ട് ദി ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (FIP) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആകാശമധ്യത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയ അദ്ദേഹത്തിന്റെ അസാമാന്യ ധീരതയും കടമാനിഷ്ഠയും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച് മിലിന്ദ് ദിയോറ എംപിയും രംഗത്തെത്തിയിരുന്നു. ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ അശോക ചക്ര പുരസ്കാരത്തിന് പരിഗണിക്കണമെന്നാണ് മിലിന്ദ് ദിയോറ പ്രധാനമന്ത്രിയോട് കത്തിലൂടെ അഭ്യർത്ഥിച്ചത്. സ്വന്തം ജീവനേക്കാൾ യാത്രക്കാരുടെ ജീവന് മുൻഗണന നൽകി പൈലറ്റ് കാഴ്ചവെച്ച നിസ്വാർത്ഥ സേവനത്തിന് ഉന്നതതലത്തിലുള്ള ദേശീയ അംഗീകാരം തന്നെ നൽകണമെന്ന് എഫ്.ഐ.പി വ്യക്തമാക്കി.