ഡൽഹി സർവകലാശാല വിദ്യാർഥി ഓടിച്ച  കാർ തൊഴിലാളികളെ ഇടിച്ചുതെറിപ്പിച്ചു; രണ്ട് പേർ മരിച്ചു

 

ഡൽഹി സർവകലാശാല വിദ്യാർഥി ഓടിച്ച കാർ ഇടിച്ച് രണ്ടു പേർ മരിച്ചു. അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് തൊഴിലാളികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വിദ്യാർഥിയടക്കം മൂന്ന് പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 2.30ഓടെ ദ്വാരക എക്സ്പ്രസ് വേയിലെ ശ്രീരാം ചൗക്കിലായിരുന്നു അപകടം.

ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ സ്വദേശികളായ ബിജേന്ദ്ര, പപ്പു എന്നിവരാണ് മരിച്ചത്. സതീഷ് ചന്ദ്, രാം കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ഡൽഹി സർവകലാശാല വിദ്യാർഥിയായ 20കാരൻ വേദൻ ഖന്നയാണ് കാർ ഓടിച്ചിരുന്നത്.

ശ്രീരാം ചൗക്കിന് സമീപം ഡിവൈഡറിൽ ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെയാണ് കാർ ഇടിച്ചത്. ഡൽഹി ഭാഗത്തുനിന്ന് അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് തൊഴിലാളികളെ ഇടിച്ച ശേഷം മതിലിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ രണ്ട് തൊഴിലാളികളും സംഭവസ്ഥലത്തുതന്നെ മരിച്ചു.വിവരമറിഞ്ഞെത്തിയ പൊലീസ് പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.