'അവസരവാദികളുടെ പണപ്പെട്ടി സഖ്യം'; ടിവികെ മുന്നണിയെ പരിഹസിച്ച് ഡിഎംകെ
തമിഴ്‌നാട്ടിൽ വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകവും (TVK) പഴയ ഭരണമുന്നണിയിലെ പ്രമുഖ കക്ഷികളും ചേർന്നുള്ള പുതിയ രാഷ്ട്രീയ സഖ്യത്തെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ച് ഡിഎംകെ. 'അവസരവാദികളുടെ പണപ്പെട്ടി സഖ്യം' എന്നും മനസ്സാക്ഷിയില്ലാത്ത മുന്നണിയെന്നുമാണ് ടിവികെ നേതൃത്വം നൽകുന്ന ഭരണസഖ്യത്തെ ഡിഎംകെ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി വിജയ് ഒരു അവസരവാദിയാണെന്നും പാർട്ടി ആരോപിച്ചു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് താൻ തള്ളിപ്പറഞ്ഞ കക്ഷികളുമായാണ് വിജയ് ഇപ്പോൾ കൈകോർത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ 'പണപ്പെട്ടി സഖ്യകക്ഷികൾ' എന്ന് വിജയ് വിശേഷിപ്പിച്ച അതേ പാർട്ടികളെ ഉൾപ്പെടുത്തി രൂപീകരിച്ച പുതിയ മുന്നണിയെ സ്വന്തം വാക്കുകൾ കടമെടുത്ത് 'പണപ്പെട്ടി സഖ്യം' എന്ന് തന്നെയാണ് വിളിക്കേണ്ടതെന്ന് ഡിഎംകെ മുഖപത്രമായ 'മുരശൊലി'യിലെ ലേഖനത്തിൽ പരിഹസിക്കുന്നു.
'സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി ഫ്രണ്ട്' (മതച്ചാർപ്പറ്റ സാമൂഹികനീതി വിജയ സഖ്യം) എന്നാണ് ടിവികെ സഖ്യത്തിന് നൽകിയിരിക്കുന്ന പേര്. എന്നാൽ ഈ സഖ്യത്തിലെ നേതാക്കളുടെ മുഖത്തേക്ക് നോക്കൂ എന്ന് മുരശൊലി പരിഹസിച്ചു. "കോൺഗ്രസ് പാർട്ടി ഡിഎംകെയ്ക്ക് വിറ്റുപോയി" എന്ന് മുൻപ് ആരോപിച്ച വിജയ്, ഇപ്പോൾ കോൺഗ്രസിനെ സ്വന്തം പാളയത്തിലെത്തിക്കാൻ പകരം എന്താണ് നൽകിയതെന്നും ഡിഎംകെ ചോദിച്ചു. ടിവികെ നേതാവും മുഖ്യമന്ത്രിയുമായ വിജയ്, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാണിക്കം ടാഗോർ, വിസിെകെ (VCK) നേതാവ് തോൽ തിരുമാവളവൻ, മുസ്ലിം ലീഗ് നേതാവ് കെ.എം. ഖാദർ മൊയ്തീൻ, എംഡിഎംകെ നേതാവ് വൈകോ എന്നിവരാണ് പനയൂരിലെ ടിവികെ ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷം പുതിയ മുന്നണി പ്രഖ്യാപനം നടത്തിയത്.