ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക;ആരോഗ്യ സ്വയംപ്രഖ്യാപന ഫോമും ഇനി നിർബന്ധം!

 

എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് എത്തുന്ന രാജ്യാന്തര യാത്രക്കാർക്കായി എയർ സുവിധ സംവിധാനം വീണ്ടും നടപ്പിലാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യൻ പൗരന്മാർ, ഒസിഐ കാർഡ് ഉടമകൾ, വിദേശ പൗരന്മാർ തുടങ്ങി ഇന്ത്യയിലേക്ക് വിമാനമാർഗം എത്തുന്ന എല്ലാവരും ആരോഗ്യ സ്വയംപ്രഖ്യാപന ഫോം പൂരിപ്പിക്കണം. എബോള ബാധിത രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ലാത്തവർക്കും ഇത് ബാധകമാണ്.
ഇന്ത്യയിലെത്തുന്നതിന് 24 മണിക്കൂർ മുൻപ് വരെ എയർ സുവിധ പോർട്ടൽ വഴി ഫോം സമർപ്പിക്കാം. കഴിഞ്ഞ 21 ദിവസത്തെ യാത്രാവിവരങ്ങൾ, രോഗസമ്പർക്ക ചരിത്രം, രോഗലക്ഷണങ്ങൾ തുടങ്ങിയവ ഫോമിൽ രേഖപ്പെടുത്തണം. പൂരിപ്പിച്ച ഫോം ഡൗൺലോഡ് ചെയ്ത് ആരോഗ്യ പരിശോധനാ കേന്ദ്രത്തിലോ ഇമിഗ്രേഷൻ കൗണ്ടറിലോ കാണിക്കണം.

വിദേശ പൗരന്മാരും ഒസിഐ കാർഡ് ഉടമകളും ആരോഗ്യ പ്രഖ്യാപനത്തിനു പുറമേ ഇ-അറൈവൽ കാർഡും പൂരിപ്പിക്കണം. ഇന്ത്യയിലെത്തുന്നതിന് മുമ്പുള്ള 72 മണിക്കൂറിനുള്ളിൽ ഇത് ഓൺലൈനായി സമർപ്പിക്കാം. അമേരിക്ക, കാനഡ, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ പാസ്‌പോർട്ടുകളുമായി യാത്ര ചെയ്യുന്ന ഇന്ത്യൻ വംശജർക്കും ഈ നിർദേശം ബാധകമാണ്.