സന്ദേശ്ഖാലി അതിക്രമത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്; ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ് കേസുകളും അന്വേഷിക്കും
പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്. കൊൽക്കത്ത ഹൈക്കോടതി ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. നീതിയുക്തമായ അന്വേഷണം ആവശ്യമാണെന്നു വ്യക്തമാക്കിയാണ് കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്.
ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ്‌കേസുകളും കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കും. പരാതിക്കാർ പതിനഞ്ച് ദിവസത്തിനുള്ളിൽ സിബിഐയെ സമീപിക്കണം. സ്വകാര്യത സംരക്ഷിക്കാൻ പ്രത്യേക ഇ മെയിലിലൂടെ സിബിഐയ്ക്ക് പരാതി നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. മെയ് രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടു. സന്ദേശ്ഖലിയിലെ സംഘർഷ മേഖലകളിൽ സിസിടിവികൾ സ്ഥാപിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ പീഡന പരാതി നൽകിയ സന്ദേശ്ഖാലിയിലെ ഒരു കൂട്ടം സ്ത്രീകളുടെ ഹർജി പരിഗണിക്കവേയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.