2027 ജനസംഖ്യാ കണക്കെടുപ്പിന് നാളെ തുടക്കം
2027ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും. സെൻസസിൻെറ പോർട്ടലിൽ നാളെ മുതൽ 15 ദിവസം കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്താം. വീടുകളിലെത്തിയുളള കണക്കെടുപ്പ് ജൂലൈ 1 മുതൽ 30വരെയാണ്. എവിടെയാണോ താമസിക്കുന്നത് അവിടത്തെ വിവരങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പിൻെറ ഭാഗമായി കൈമാറേണ്ടത്.അടഞ്ഞു കിടക്കുന്ന വീടുകളുടെയും പ്രവാസികളുടെയും വിവരങ്ങൾ ജനസംഖ്യാ കണക്കെടുപ്പിൽ ഉൾപ്പെടില്ല. എവിടെയാണോ സ്ഥിരതാമസം അവിടത്തെ വിവരങ്ങളാണ് എന്യൂമറേറ്റർമാർ ശേഖരിക്കുക
സ്വാതന്ത്ര്യം ലഭിച്ച ശേഷം നടക്കുന്ന എട്ടാം ജനസംഖ്യാ കണക്കെടുപ്പിനാണ് നാളെ മുതൽ തുടക്കം കുറിക്കുന്നത്. സെൻസസ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഡിജിറ്റൽ സംവിധാനം വഴി വിവരങ്ങൾ സമർപ്പിക്കാൻ അവസരം ഒരുക്കുന്നത്. ഡിജിറ്റൽ പ്ളാറ്റ് ഫോം വഴി വിവരങ്ങൾ സമർപ്പിക്കാൻ കഴിയാത്തവർക്ക് പഴയത് പോലെ എന്യൂമറേറ്റർമാർ വീടുകളിൽ എത്തുമ്പോൾ വിവരങ്ങൾ കൈമാറാം.
സംസ്ഥാനത്ത് വിവരശേഖരണത്തിനായി 61,282 എന്യുമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. എന്യുമറേറ്റർമാരായി പ്രവർത്തിക്കുന്ന സ്‌കൂൾ-കോളജ് അധ്യാപകർക്ക് ആവശ്യമായ ഡ്യൂട്ടി ക്രമീകരണങ്ങൾ സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.