ഛത്തീസ്ഗഡിൽ ചാർട്ടേഡ് വിമാനം വനത്തിൽ തകർന്നുവീണു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ നാരായൺപുരിൽ സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. ജസ്പുർ മേഖലയിലെ നിബിഡ വനത്തിനുള്ളിലാണ് വിമാനം തകർന്നുവീണത്. അപകടസമയത്ത് വിമാനത്തിൽ മൂന്ന് പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പൈലറ്റുമാരുടെ മരണവിവരം പുറത്തുവന്നെങ്കിലും വിമാനത്തിലുണ്ടായിരുന്ന മറ്റൊരാളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
വിമാനം താഴ്ന്നുപറന്ന് മരത്തിലിടിക്കുകയും തുടർന്ന് വനത്തിനുള്ളിലേക്ക് തകർന്നു വീഴുകയുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടത്തിന് പിന്നാലെ വനമേഖലയിൽ നിന്ന് വലിയ തോതിൽ പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മോശം കാലാവസ്ഥയാണോ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമല്ല. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സംബന്ധിച്ചും അവ്യക്തത തുടരുകയാണ്.
ജസ്പുരിൽ നിന്നുള്ള പോലീസ് സംഘം വനമേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശം ദുർഘടമായ വനമായതിനാൽ രക്ഷാപ്രവർത്തനത്തിന് കാലതാമസം നേരിടുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയ ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണവും കൂടുതൽ നാശനഷ്ടങ്ങളും സംബന്ധിച്ച് വ്യക്തത വരികയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.