ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ നിലംപതിച്ച സംഭവം;  വികാരത്തെ വ്രണപ്പെടുത്തിയ മുഖ്യമന്ത്രി രാജി വയ്ക്കണം; സഞ്ജയ് റാവത്ത്

 

 മഹാരാഷ്ട്ര  സിന്ധുദുർഗിലെ മാൽവാനിൽ ഛത്രപതി ശിവാജിയുടെ 35 അടി ഉയരമുള്ള കൂറ്റന്‍ പ്രതിമ നിലംപതിച്ച സംഭവത്തില്‍ ഏക്‍നാഥ് ഷിന്‍ഡെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന (യുബിടി) നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്ത്.  ഇത് വില കെട്ട രാജ്യദ്രോഹികളുടെ സര്‍ക്കാരാണെന്നും ഷിന്‍ഡെ രാജിവയ്ക്കണമെന്നും റാവത്ത് ആവശ്യപ്പെട്ടു. എട്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത പ്രതിമയാണ് തിങ്കളാഴ്ച ഒരുമണിയോടെ നിലം പതിച്ചത്.


ഇത്  വിലയില്ലാത്ത രാജ്യദ്രോഹികളുടെ സർക്കാരാണ്. അവർ ഛത്രപതി ശിവാജി മഹാരാജിൻ്റെ പ്രതിമ ഉണ്ടാക്കി, അത് തകർത്തു. നല്ല ഉദ്ദേശ്യത്തോടെയല്ല, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതിമ നിര്‍മിച്ചത്. മഹാരാഷ്ട്രയുടെ വികാരത്തെ വ്രണപ്പെടുത്തിയ മുഖ്യമന്ത്രി രാജി വയ്ക്കണം'' ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഷിന്‍ഡെ പറഞ്ഞു. "ശക്തമായ കാറ്റാണ് ശിവാജിയുടെ പ്രതിമ തകരാന്‍ കാരണമെന്ന് പറയുന്നുണ്ടെങ്കിലും സമാനമായ പ്രതിമകൾ കേടുകൂടാതെയിരിക്കുന്നു. വെറും എട്ട് മാസത്തിനുള്ളിൽ പ്രതിമ തകര്‍ന്നത്  ഗുരുതരമായ അഴിമതിയെ പ്രതിഫലിപ്പിക്കുന്നു. വിഷയം ഗൗരവമുള്ളതാണ്" റാവത്ത് ചൂണ്ടിക്കാട്ടി.

സ്‌ക്രൂകളും ബോള്‍ട്ടും തുരുമ്പെടുത്തതാണ് കൂറ്റന്‍ പ്രതിമ നിലംപതിക്കാന്‍ കാരണമായതെന്ന നിരീക്ഷണത്തിലാണ് പിഡബ്ല്യുഡി.പ്രതിമയുടെ നിര്‍മ്മാണ ടെന്‍ഡറില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തിയിരുന്നു.