ഛത്തീസ്ഗഢ് കള്ളപ്പണം വെളുപ്പിക്കൽ കേസ്: മുൻ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ മകൻ ചൈതന്യ ബഘേൽ അറസ്റ്റിൽ
ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബഘേലിന്റെ മകനും വ്യവസായിയുമായ ചൈതന്യ ബഘേലിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സംസ്ഥാന മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയിലാണ് ഈ നടപടി. വെള്ളിയാഴ്ച രാവിലെ ഭിലായിയിലെ ബഘേലിന്റെ വസതിയിൽ നടത്തിയ റെയ്ഡിനോടടുത്ത് നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്.
സംസ്ഥാനത്ത് ഭൂപേഷ് ബഘേൽ മുഖ്യമന്ത്രിയായിരുന്ന കാലത്തെ മദ്യനയത്തിൽ നടന്ന അഴിമതിയെ ചൊല്ലിയാണ് അന്വേഷണം. മുൻ എക്‌സൈസ് മന്ത്രി കവാസി ലഖ്മ ഉൾപ്പെടെ 70 പേരെ പ്രതിചേർത്ത് ഛത്തീസ്ഗഢ് ആൻറിക്കറപ്ഷൻ ബ്യൂറോ കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണമാറ്റവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചത്.
ഇഡി ഉന്നയിച്ച കുറ്റാരോപണങ്ങൾ പ്രകാരം, മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരുമടക്കം ചേർന്ന് സംസ്ഥാനതലത്തിൽ ഒരു സമാന്തര എക്‌സൈസ് സംവിധാനം കെട്ടിച്ചമച്ചതായാണ് കണ്ടെത്തൽ. മദ്യം വിൽപന നടത്തിയെങ്കിലും പണം സംസ്ഥാന ഖജനാവിലെത്തിയിരുന്നില്ല. ഇതിലൂടെ സർക്കാരിന് 2,161 കോടിരൂപയുടെ നഷ്ടമുണ്ടായെന്നാണ് ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.അഴിമതിയിലൂടെ സമ്പാദിച്ച പണം റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ വഴി നിയമവിരുദ്ധമായി വെളുപ്പിച്ചതിലും ചൈതന്യ ബഘേലിന്റെ പങ്കുണ്ടെന്നും ഏജൻസി അറിയിച്ചു.
അറസ്റ്റിനോട് പ്രതികരിച്ച മുൻ മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ ഇത് രാഷ്ട്രീയപ്രേരിതമായ നീക്കമാണെന്നു ആരോപിച്ചു. ''അദാനിയെക്കുറിച്ചുള്ള വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ കാത്തിരിക്കുമ്പോഴാണ് ഇഡി എന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. പ്രതിപക്ഷം ബലഹീനമാക്കാനും ജനാധിപത്യത്തെ ശ്വാസംമുട്ടിക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് തെളിയിക്കുന്നതാണ് ഇക്കാര്യമെന്ന്'' ബഘേൽ പറഞ്ഞു.