രാജസ്ഥാനിൽ സി.ജെ.പി നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം; പിന്നിൽ ബി.ജെ.പി ഗുണ്ടകളെന്ന് ആരോപണം

 

രാജസ്ഥാനിൽ സർക്കാർ സ്കൂൾ സന്ദർശിക്കാനെത്തിയ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) പ്രവർത്തകർക്ക് നേരെ ആൾക്കൂട്ട ആക്രമണം. സി.ജെ.പി കോ-കൺവീനർ അശുതോഷ് രങ്കയുടെ നേതൃത്വത്തിൽ ജയ്പൂർ ബഗ്രൂ മേഖലയിലെ രാംപുര-കൺവർപുര ഗ്രാമത്തിലെ പ്രൈമറി സ്കൂൾ പരിശോധിക്കാനെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പോലീസിന്റെ ഒത്താശയോടെ ബി.ജെ.പി പ്രവർത്തകരാണ് കല്ലേറും ആക്രമണവും നടത്തിയതെന്ന് അശുതോഷ് രങ്കയും പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയും ആരോപിച്ചു.

എരുമത്തൊഴുത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ ദയനീയ അവസ്ഥ പരിശോധിക്കാനാണ് തങ്ങളെത്തിയതെന്ന് സി.ജെ.പി വ്യക്തമാക്കി. ആക്രമണത്തിൽ സി.ജെ.പി പ്രവർത്തകരുടെ വാഹനങ്ങൾ തകർക്കുകയും ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തതായി നേതാക്കൾ പറഞ്ഞു. പോലീസിനെ സാക്ഷിനിർത്തി വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നും, 48 മണിക്കൂറിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും സി.ജെ.പി മുന്നറിയിപ്പ് നൽകി.

അതേസമയം, സ്കൂളുകളിൽ മാധ്യമപ്രവർത്തകർക്കും പുറത്തുനിന്നുള്ളവർക്കും പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിനെച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ തർക്കം നിലനിൽക്കുകയാണ്.