നീറ്റ് സമരത്തിന് പിന്നാലെ സി.ജെ.പി ദേശീയ യോഗം ഇന്ന്

 

നീറ്റ് (NEET) പരീക്ഷാ വിവാദങ്ങളെയും തുടർന്നുണ്ടായ വിദ്യാർഥി പ്രക്ഷോഭങ്ങളെയും തുടർന്ന് രൂപംകൊണ്ട കോക്രോച്ച് ജനതാ പാർട്ടി (CJP) യുടെ നിർണായക ദേശീയ യോഗത്തിന് ഇന്ന് തുടക്കമാകും. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ സ്ഥാപകൻ അഭിജീത് ദിപ്കെയുടെ വസതിയിലാണ് ഇന്നും നാളെയുമായി യോഗം ചേരുന്നത്. ദേശീയ വക്താക്കളും സംസ്ഥാന ഭാരവാഹികളും പങ്കെടുക്കുന്ന യോഗത്തിൽ പാർട്ടി ഭാവി പരിപാടികൾക്കും തുടർസമരങ്ങൾക്കും അന്തിമരൂപം നൽകും.

പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുന്നതിലെ വീഴ്ചയും കേന്ദ്ര നയങ്ങൾക്കെതിരായ നടപടികളും യോഗത്തിൽ ചർച്ചയാകും. വിദ്യാർഥികളുടെ ആവശ്യങ്ങൾ നേരിട്ടറിയാൻ രാജ്യവ്യാപകമായി 'ലിസണിങ് ടൂർ' (Listening Tour) സംഘടിപ്പിക്കാനും പാർട്ടി പദ്ധതിയിടുന്നുണ്ട്. യോഗത്തിന് ശേഷം നേതാക്കൾ വാർത്താസമ്മേളനം നടത്തി തുടർസമര പ്രഖ്യാപനങ്ങൾ നടത്തും.