സിജെപി പ്രതിഷേധ മാർച്ച് സംഘർഷത്തിൽ; പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗിച്ചു

 

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പാർലമെന്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പാർലമെന്റിന് സമീപത്തേക്ക് നീങ്ങിയ പ്രതിഷേധക്കാരെ തടയാൻ പൊലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു.

സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. പൊലീസ് ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധക്കാർ പാർലമെന്റ് പരിസരത്തേക്ക് നീങ്ങാൻ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. റെയ്‌സീന റോഡിലും ഏറ്റുമുട്ടൽ സാഹചര്യമുണ്ടായി.

ഉച്ചയോടെ വീണ്ടും പ്രതിഷേധക്കാർ സംഘടിച്ചെത്തിയതോടെ ജന്തർ മന്തറും സമീപ പ്രദേശങ്ങളും സംഘർഷഭരിതമായി. പ്രതിഷേധം നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. പാർലമെന്റിന്റെ കവാടങ്ങളും അടച്ചു.

ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർ പാർലമെന്റിൽ ഉള്ള സമയത്താണ് പ്രതിഷേധക്കാർ പാർലമെന്റ് പരിസരത്തേക്ക് എത്തിയത്. ഇതേ തുടർന്ന് പാർലമെന്റിന് ചുറ്റും കനത്ത സുരക്ഷ ഏർപ്പെടുത്തി.

ഡൽഹി പൊലീസിന്റെ അനുമതി ലഭിക്കാതിരുന്നിട്ടും രാവിലെ നൂറുകണക്കിന് യുവാക്കളാണ് പ്രതിഷേധ മാർച്ചിനായി തലസ്ഥാനത്ത് എത്തിയത്. നിലവിൽ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.