സിജെപി പ്രതിഷേധം; സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ വീടിന് സുരക്ഷ ശക്തമാക്കി
ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ മഹാരാഷ്ട്രയിലെ വസതിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഛത്രപതി സംഭാജിനഗറിലെ എംഐഡിസി വാലുജ് മേഖലയിലുള്ള വീടിന് മുന്നിലാണ് സുരക്ഷ വർധിപ്പിച്ചത്.
നേരത്തെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ മാത്രമുണ്ടായിരുന്ന സ്ഥലത്ത് പൊലീസ് ആസ്ഥാനത്തുനിന്ന് 20 അംഗ സംഘത്തെ വിന്യസിച്ചതായി പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഡൽഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട സാഹചര്യം കണക്കിലെടുത്താണ് നടപടി.
സിജെപി നേതാക്കളായ അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ശനിയാഴ്ച രാവിലെ ഡൽഹിയിൽ വിമാനമിറങ്ങിയതിന് പിന്നാലെ വിമാനത്തിനുള്ളിൽവെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്.ഐ.ആർ നടപടിക്കിടെ ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ചാണ് സിജെപി ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.