സംഘടന ശക്തിപ്പെടുത്താൻ സിജെപി; പുതിയ ദേശീയ നേതൃത്വവും സോണൽ കമ്മിറ്റികളും പ്രഖ്യാപിച്ചു

 

സംഘടനാ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പുതിയ ദേശീയ, സോണൽ കമ്മിറ്റികളെ പ്രഖ്യാപിച്ചു. പ്രാദേശിക നേതൃത്വത്തെ ശക്തിപ്പെടുത്താനും താഴെത്തട്ടിൽ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് വിവിധ മേഖലകളിൽ നിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തി പുതിയ ടീമിനെ രൂപീകരിച്ചിരിക്കുന്നത്.

പാർട്ടിയുടെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പുതിയ ദേശീയ വക്താക്കളെയും ഓർഗനൈസേഷൻ ജോയിന്റ് സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. സുധീർ സംഗ്വാൻ, സിദ്ധാന്ത് ഭരദ്വാജ് എന്നിവരാണ് പാർട്ടിയുടെ പുതിയ ദേശീയ വക്താക്കൾ. രേഖ ശർമ, അക്ഷയ് ഷിൻഡെ, പ്രേം ആകാശ്, അനം ഉസമ, ബാലകൃഷ്ണ ശുക്ല എന്നിവരെ ഓർഗനൈസേഷൻ ജോയിന്റ് സെക്രട്ടറിമാരായും ചുമതലപ്പെടുത്തി.

രാജ്യത്തെ ഈസ്റ്റ്, വെസ്റ്റ്, നോർത്ത് എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളായി തിരിച്ചാണ് കോർഡിനേഷൻ കമ്മിറ്റികളുടെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. സാധാരണക്കാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമായി മാറാൻ ലക്ഷ്യമിട്ടുള്ള ഈ പുനഃസംഘടനയിലൂടെ ഗ്രാമീണ തലത്തിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനാണ് പുതിയ സോണൽ ടീമുകൾ ശ്രമിക്കുന്നതെന്ന് സിജെപി നേതൃത്വം വ്യക്തമാക്കി.